മരണക്കവലയായി പോട്ട സിഗ്നൽ; ആശ്രമം കവലയിൽ നടന്നത് നിരവധി അപകടങ്ങളും മരണങ്ങളും
text_fieldsദേശീയ പാതയിൽ മരണക്കവലയായി മാറിയ പോട്ട സിഗ്നൽ കവല
ചാലക്കുടി: ദേശീയ പാതയിൽ പോട്ടയിലെ സിഗ്നൽ കവല മരണമേഖലയായി മാറുന്നു. വ്യാഴാഴ്ച ഇവിടെ ഇരുചക്ര വാഹന യാത്രക്കാരനായ യുവാവ് റോഡ് മുറിച്ച് കടക്കുമ്പോൾ അപകടത്തിൽ ദാരുണമായി മരിച്ചു. ഇടിച്ച ലോറി തീപിടിച്ച് നശിക്കുകയും ചെയ്തു. ഏതാനും മാസം മുമ്പ് ഇതേ സ്ഥലത്ത് അപ്പോളോ ടയേഴ്സിലെ ജീവനക്കാരൻ ബൈക്കിൽ റോഡ് മുറിച്ചുകടക്കുമ്പോൾ അപകടത്തിൽ മരിച്ചിരുന്നു. നേരത്തെയും ആശ്രമം കവലയിൽ നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ സ്ഥലം സന്ദർശിച്ച് റോഡപകടങ്ങൾ കുറക്കാനും റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ആശ്രമം കവലയിലെ ക്രോസിങ് അടച്ചുപൂട്ടണമെന്ന് നിർദേശിച്ചിരുന്നു.
എന്നാൽ, പ്രദേശവാസികൾ അതിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് ഇവിടെ അടിപ്പാത നിർമാണത്തിന് നിർദേശം ഉയർന്നിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് പോട്ട പഞ്ചായത്ത് കിണർ ജങ്ഷൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചാലക്കുടിയിൽനിന്ന് മാള -കൊടകര റോഡിലേക്ക് സന്ധിക്കുന്ന പറമ്പി റോഡ് ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ദേശീയപാത നാലുവരിയായി തിരക്കേറിയപ്പോൾ ഇവിടെ അപകടങ്ങൾ വർധിക്കാൻ തുടങ്ങി. ഇതിനെ തുടർന്നാണ് ആശ്രമം കവലയിൽ സിഗ്നൽ സ്ഥാപിച്ചത്.
സമീപകാലത്ത് നിർമിച്ച ട്രാംവെ അടിപ്പാതക്കും പോട്ട മേൽപാലത്തിനും ഇടയിലായി ആശ്രമം കവല. ഇതോടെ ഇരുവശത്തുനിന്നും പാലങ്ങൾ ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് വേഗതയേറി. സിഗ്നൽ ചുവപ്പ് മാറി പച്ച തെളിയും മുമ്പ് ദേശീയപാതയിലൂടെ നിർത്താതെ കടന്നുപോകാനുള്ള തിടുക്കം പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. എന്നാൽ, ക്രോസിങ് ഒഴിവാക്കാൻ കവല അടച്ചുപൂട്ടാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായേക്കാം. അതേസമയം, ഇവിടെ അടിപ്പാത നിർമിക്കാനുള്ള പ്രധാന പ്രശ്നം ഇരുവശത്തുമുള്ള അടിപ്പാതകൾ തമ്മിലുള്ള ദൂരക്കുറവാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
അപകടങ്ങൾ: ഇന്ന് യോഗം
ചാലക്കുടി: ദേശീയപാതയിൽ പോട്ട ആശ്രമം ഡിഗ്നൽ ജങ്ഷനിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ഒഴിവാക്കാൻ അടിയന്തര നടപടികൾ സംബന്ധിച്ച് ദേശീയപാത അധികൃതരുമായി വെള്ളിയാഴ്ച രാവിലെ കൂടിയാലോചന നടത്തും. ഇവിടെ അനുവദിച്ചിട്ടുള്ള അടിപ്പാതയുടെ നിർമാണം അടിയന്തരമായി ആരംഭിക്കുന്നത് സംബന്ധിച്ചും തുടർച്ചയായി ഇവിടെ അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ചും ചർച്ചയിൽ തീരുമാനമെടുക്കും. പൊലീസ്, റോഡ് ട്രാൻസ്പോർട്ട്, പൊതുമരാമത്ത് പ്രതിനിധികൾ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.