അഞ്ചു തലമുറകളുടെ സമരാവേശം
text_fieldsകായലിനപ്പുറത്തും ഇപ്പുറത്തുമായി പാലം സ്വപ്നം കാണുന്ന അഞ്ചാം തലമുറയുടെ കാലമാണിത്. അതുകൊണ്ട് അവർ വെറുതെ ഇരുന്നില്ല. പാലം യാഥാർഥ്യമാക്കാൻ അവർ പൊരുതാനുറച്ചു. അധികാരികളുടെ പഞ്ചാരവാക്കുകളിൽ വീണ് മയങ്ങാതിരിക്കാനും ശ്രദ്ധിച്ചു.
അതിനിടെ കോട്ടപ്പുറം പാലത്തിന്റെ പിറവി അവർക്ക് പ്രചോദനവും ആവേശവുമായിരുന്നു. അധികാരികളും ബ്യൂറോക്രസിയും ചേർന്ന് ഒരുക്കിയ ആഴൻ ചുഴിക്കയങ്ങളിൽ വീഴാതെ പടിപടിയായി അവർ പ്രതിഷേധം തീർത്തു.
ലക്ഷ്യത്തിലേക്കുള്ള അവരുടെ നേർത്ത ചുവടുവെപ്പുകൾക്കു മുന്നിൽ അധികാരികൾക്ക് ഒടുവിൽ ഗത്യന്തരമില്ലാതെ വഴങ്ങേണ്ടിവന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം സമൂഹം ഒന്നായി നിലയുറപ്പിച്ചതോടെ ഇടയിൽ കയറിക്കൂടിയ പുഴുക്കുത്തുകൾ ഇടറിവീണു.
സംഘബോധത്തിന്‍റെ ഈ ഗ്രമീണ കൂട്ടായ്മക്ക് വർണവും വർഗവും കൊടിയും തടസ്സമാകാൻ അവർ സമ്മതിച്ചില്ല. ജീവിതം ജങ്കാറിനെ ആശ്രയിച്ച് ചിട്ടപ്പെടുത്തേണ്ടി വന്നവരുടെ അതിജീവനകഥ കൂടിയാണിത്.
പതിറ്റാണ്ടുകളായി വിവിധ കോണുകളിൽ ചിതറിക്കിടന്ന പ്രതിഷേധക്കാരെ ഒന്നിപ്പിച്ച് അങ്ങനെയാണ് അഴീക്കോട്- മുനമ്പം പാലം ആക്ഷൻ കൗൺസിൽ രൂപംകൊണ്ടത്. അത് പിന്നീട് സമരസമിതിയായി.
അഡ്വ. എ.കെ.കെ. നയന, പി.ജെ. ഫ്രാൻസിസ്, വി.എ. അലി, ഡോ. മുഹമ്മദ് ഷെരീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആദ്യകാല സമരം. ചാമക്കാല മുതൽ അഴീക്കോട് ജെട്ടിവരെ 25 കിലോമീറ്റർ ദൂരം നടത്തിയ ഐതിഹാസിക പദയാത്രയും ശേഷം പാലം ഉദ്ഘാടനത്തിന്‍റെ ഭാഗമായ പ്രതീകാത്മക കല്ലിടലുമൊക്കെയായി സമര സമിതിയുടെ പ്രവർത്തനങ്ങൾ അഴീക്കോട് ഏറ്റെടുത്തു.
പിന്നാലെ പെരിയാറിൽ നടത്തിയ ഏകദിന ജലയാത്ര കേരളത്തിൽതന്നെ പ്രതിഫലനമുണ്ടാക്കി. അതോടൊപ്പം എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികൾ അഴീക്കോട്ടുനിന്ന് മുനമ്പത്തേക്ക് കായൽ നീന്തിയും സമരം നടത്തി.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ മൈതാനിയിലെ ഉപവാസവും ഇതര പ്രതിഷേധ പ്രവർത്തനങ്ങളുമായി മുന്നേറുമ്പോഴും ഒരു പ്രതികരണവും ഇല്ലാതായതോടെയാണ് പ്രതിഷേധം മാത്രം പോരെന്ന തിരിച്ചറിവിലേക്ക് സമരക്കാർ എത്തിയത്.
ഇതോടെ വിവിധതലത്തിൽ മന്ത്രിമാരെയും എം.പിമാരെയും എം.എൽ.എമാരെയും സന്ദർശിച്ച് ആവശ്യത്തിന് ഗതിവേഗം കൂട്ടി. വിവിധ ഘട്ടങ്ങളിൽ പൊതുമരാമത്ത് മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞ്, എം. വിജയകുമാർ, മോൻസ് ജോസഫ്, ജി. സുധാകരൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയവരെ സന്ദർശിച്ച് ഭീമഹരജി നൽകി. അതിന് വി.എസ്. സുനിൽകുമാർ, ഇ.ടി. ടൈസൺ അടക്കം സ്ഥലം എം.എൽ.എമാരുടെ സഹകരണം നിർലോഭം ലഭിച്ചു.
അബ്ദുറഹിമാൻ കടപ്പൂരും വി.എം. കുഞ്ഞുമൊയ്തീനും മുതൽ അൻവർ സ്വാലിഹും ഷാനവാസ് അഴീക്കോടുമടക്കം സമരാവേശം ജ്വലിപ്പിക്കാൻ മുന്നിൽ നിന്നവരേറെ. മനുഷ്യാവകാശ കമീഷനിൽ പരാതി നൽകിയ കെ.എം. മുഹമ്മദുണ്ണിയുടെ പ്രവർത്തനവും നിർണായകമായി.
എല്ലാ കോണിൽനിന്നും അനുകൂല നിലപാടുണ്ടായിട്ടും പാലം നിർമാണ പ്രഖ്യാപനം ഉണ്ടാവാതെ വന്നതോടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പ്രതിബന്ധങ്ങൾ നാട്ടുകാർ മണത്തറിഞ്ഞു. അതിന് പരിഹാരം കാണാനായിരുന്നു പിന്നീടുള്ള ചരടുവലികൾ.
അങ്ങനെയാണ് നിയമപരമായ ഇടപെടലിന് നീക്കം തുടങ്ങിയത്. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ കൊടുങ്ങല്ലൂർ മുൻസിഫ് കോടതിക്ക് മുന്നിൽ നടപടികൾക്ക് കാത്തുകെട്ടി നിൽക്കേണ്ട സാഹചര്യം വന്നത് അങ്ങനെയാണ്.
2017ലാണ് കോടതി വ്യവഹാരം ഉണ്ടായത്. അത് പറയുമ്പോൾ ഒരു അഭിഭാഷകനെയും അദ്ദേഹത്തിന്‍റെ നിയമപരമായ ഇടപെടലുകളും പ്രത്യേകം പറയണം.
ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ അഡ്വ. ഷാനവാസ് കാട്ടകത്താണ് അത്തരം നീക്കങ്ങൾക്ക് ചുക്കാൻപിടിച്ചത്. അദ്ദേഹത്തിനൊപ്പം കെ.ടി. സുബ്രഹ്മണ്യൻ, പി.എ. സീതി മാസ്റ്റർ തുടങ്ങിയവരും ഹരജികൾ ഫയൽ ചെയ്തുകൊണ്ടിരുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലും കൊടുങ്ങല്ലൂരിലുമായി കേസുകൾ എത്തിയതോടെ ഉദ്യോഗസ്ഥർ മുട്ടുമടക്കി. നൂറോളം നിവേദനങ്ങളും 10 ഹരജികളുമായി നാട്ടുകാർ മുന്നേറിയതോടെ സർക്കാർ ഓഫിസുകളിൽ പൊടിപിടിച്ചു കിടന്ന ഫയലുകൾക്ക് ജീവൻവെച്ചു.
നാളെ
അഞ്ചു വകുപ്പുകളുടെ ഏകോപനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.