പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി കസ്റ്റഡിയിൽ; ഉടമക്ക് ലക്ഷം രൂപ പിഴ
text_fieldsപുന്നയൂർക്കുളം: പുന്നയൂർ പഞ്ചായത്തിലെ കണ്ണഞ്ചിറ പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി കസ്റ്റഡിയിൽ. ഉടമക്കെതിരെ പഞ്ചായത്ത് ലക്ഷം രൂപ പിഴ ചുമത്തി.ഒരുമനയൂർ മാങ്ങാട്ടു പടി സ്വദേശി അമ്പലത്ത് വീട്ടിൽ പി.വി. ദലീലിന്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയാണ് വടക്കേക്കാട് പൊലീസ് പിടികൂടിയത്.
കണ്ണഞ്ചിറ പാടത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ ലോറിയുടെ പടമെടുത്ത നാട്ടുകാരനാണ് വിവരം പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിയെ എൻ.വി. ഷീജയെ അറിയിച്ചത്. സെക്രട്ടറി, അസി.സെക്രട്ടറി കെ. ബിജു, ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ, ഐ.ആർ.ടി.സി കോഓഡിനേറ്റർ ആരിഫ എന്നിവർ സ്ഥലപരിശോധന നടത്തി. തുടർന്ന് സെക്രട്ടറിയുടെ പരാതിയിലാണ് വടക്കേക്കാട് പൊലീസ് അന്വേഷണമാരംഭിച്ച് വാഹനം പിടികൂടിയത്.
ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നുൾപ്പടെയുള്ള കക്കൂസ് മാലിന്യമാണ് പുന്നയൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ രാത്രിയുടെ മറവിൽ തള്ളുന്നത്. പരിസരമാകെ ദിവസങ്ങളാളം രൂക്ഷമായ ഗന്ധമാണ്. നേരത്തെ ചാവക്കാട് പൊലീസ് പരിധിയിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. പിടിയിലാകുമ്പോൾ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടലാണ് മാലിന്യം തള്ളുന്നവരുടെ പതിവ്. പിടികൂടിയ വാഹനം സംബന്ധിച്ച റിപ്പോർട്ട് പൊലീസ് പഞ്ചായത്തിന് കൈമാറി. സെക്രട്ടറി ഒരു ലക്ഷം രൂപ പിഴ നിശ്ചയിച്ചു. പിഴ അടവാക്കിയ ശേഷമേ വണ്ടി വിട്ടുനൽകുകയുള്ളൂ എന്നും സെക്രട്ടറി അറിയിച്ചു.
മാലിന്യം തള്ളിയ വാഹനം കണ്ടെത്തി പഞ്ചായത്തിൽ അറിയിച്ച വ്യക്തിയെ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.അദ്ദേഹത്തിന് സർക്കാർ പ്രഖ്യാപിച്ച പാരിതോഷിക തുക കൈമാറുമെന്ന് പ്രസിഡൻറ് ടി.വി. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.