പാലക്കുഴിയിലെ താല്‍ക്കാലിക ബണ്ട് സാമൂഹികവിരുദ്ധര്‍ വീണ്ടും പൊളിച്ചു
text_fieldsവടക്കേകാട്: പാലക്കുഴിയിലെ താല്‍ക്കാലിക ബണ്ട് സാമൂഹികവിരുദ്ധര്‍ വീണ്ടും പൊളിച്ചു. പരൂര് കോളിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് നിയന്ത്രിക്കാന്‍ കര്‍ഷകര്‍ ചക്കിത്തറ പാലക്കുഴിയില്‍ കെട്ടിയ താല്‍ക്കാലിക ബണ്ടാണ് പൊളിച്ചത്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ബണ്ട് തകര്‍ത്തത്. ഇതുസംബന്ധിച്ച് കർഷകർ വടക്കേകാട് പൊലീസില്‍ പരാതി നല്കി.
കനത്ത മഴയില്‍ പരൂര് പടവിലെ 100 ഏക്കറിലാണ് ഞാറ് മുങ്ങിയത്. പാടത്തെ വെള്ളം വറ്റിക്കുന്നുണ്ടെങ്കിലും പാലക്കുഴി തോട്ടിലൂടെ അഞ്ഞൂര് ഭാഗത്തുനിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതിനാല്‍ തോട് നിറയുന്ന അവസ്ഥയായിരുന്നു. ഇതേതുടര്‍ന്നാണ് ബുധനാഴ്ച രാവിലെ കര്‍ഷകര്‍ തോടിനു കുറുകെ താല്‍ക്കാലിക ബണ്ട് കെട്ടിയത്. ബണ്ട് കെട്ടിയ അന്നു രാത്രിതന്നെ സാമൂഹികവിരുദ്ധർ അത് പൊളിച്ചിരുന്നു.
ഇതേതുടർന്ന് വ്യാഴാഴ്ച പകല്‍ വീണ്ടും കെട്ടി. എന്നാൽ, രാത്രിയോടെ വീണ്ടും പൊളിച്ചിട്ടു. തോട്ടില്‍ വെള്ളം ശക്തിയായി ഒഴുകിയതോടെ ബണ്ടിന്റെ ഓരത്തുനിന്ന് മണ്ണ് ഇടിഞ്ഞു. താല്‍ക്കാലിക ബണ്ട് കെട്ടാന്‍ തോടിന്റെ വശത്തുനിന്ന് മണ്ണ് എടുത്തത് പ്രദേശത്തെ ചിലര്‍ ചോദ്യം ചെയ്തിരുന്നതായി കര്‍ഷകര്‍ പറഞ്ഞു. ബണ്ടിലൂടെ ലോറി വരാത്തതിനാലാണ് ഇങ്ങനെ സമീപത്തുനിന്ന് മണ്ണ് എടുത്തത്. വേനലില്‍ പാടം വറ്റിയാല്‍ ബണ്ടില്‍ മണ്ണ് തിരിച്ച് അടിക്കും. വടക്കേകാട് പഞ്ചായത്ത് പരിധിയിലെ പ്രദേശത്താണ് അതിക്രമം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.