കേന്ദ്രമന്ത്രി ഗുരുവായൂരിലെത്തി, നേരത്തേ അറിയിച്ച്
text_fieldsഗുരുവായൂർ: കേന്ദ്ര സഹായത്തോടെ ഗുരുവായൂരിൽ നഗരസഭയും ദേവസ്വവും നടപ്പാക്കിയ പദ്ധതികൾ നേരിൽ കാണാൻ കേന്ദ്ര ടൂറിസം സഹമന്ത്രി അജയ് ഭട്ട് എത്തി. രണ്ടാഴ്ച മുമ്പ് ഔദ്യോഗിക അറിയിപ്പില്ലാതെ കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേ നടത്തിയ സന്ദർശനം വിവാദമായിരുന്നു. ചൗബേയുടെ സന്ദർശനത്തെ നഗരസഭ അധ്യക്ഷൻ എം. കൃഷ്ണദാസ് രൂക്ഷമായി വിമർശിക്കുകയും നഗരസഭ സെക്രട്ടറിയെ മന്ത്രി വിളിച്ച് ശാസിച്ചത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കൗൺസിലിലും മന്ത്രിയുടെ സന്ദർശനത്തിനെതിരെ വിമർശനമുയർന്നിരുന്നു. പദ്ധതികൾ കാണാൻ പിന്നാമ്പുറത്തു കൂടി എന്തിനാണ് മന്ത്രിയെത്തിയത് എന്നായിരുന്നു വിമർശനം. എന്നാൽ, ടൂറിസം സഹമന്ത്രി അജയ് ഭട്ട് ഔദ്യോഗികമായി അറിയിപ്പ് നൽകിയാണ് പദ്ധതികൾ കാണാനെത്തിയത്. കൃത്യമായി നേരത്തേ അറിയിപ്പ് നൽകിയിരുന്നതായി നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ പറഞ്ഞു.
നഗരസഭക്ക് വേണ്ടി അമൃത് അസി. എന്‍ജിനീയര്‍ പി. മുകുന്ദന്‍ പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രിയെ ധരിപ്പിച്ചു. ദേവസ്വം പ്രസാദ് പദ്ധതിയിൽ നടപ്പാക്കിയവ അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ വിശദീകരിച്ചു. നഗരസഭ മുൻ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിയും മന്ത്രിയെ സന്ദർശിച്ചു. പ്രസാദ് പദ്ധതിയിൽ ദേവസ്വത്തിനും നഗരസഭക്കും നൽകിയ പദ്ധതികളെല്ലാം പൂർത്തിയായിട്ടുണ്ട്.
ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്ന് നൽകാത്ത അമിനിറ്റി സെൻററും ഫെസിലിറ്റേഷൻ സെൻററും തുറക്കാനുള്ള നടപടികളായതായി നഗരസഭ അധികൃതർ അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പാണ് തീർഥാടക നഗരങ്ങൾക്കുള്ള പ്രസാദ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.