കൈക്കുഞ്ഞിനുള്ള വാക്സിൻ മാറി കുറിച്ചത് ചോദ്യംചെയ്ത യുവതിക്ക് നേരെ മോശം പരാമർശമെന്ന്
text_fieldsതളിക്കുളം: എട്ടുദിവസം മാത്രം പ്രായമായ കുഞ്ഞിന് ബി.സി.ജി വാക്സിന് പകരം 45 ദിവസത്തിൽ കൊടുക്കുന്ന പെന്റാവലന്റ് വാക്സിൻ നൽകാൻ കുറിപ്പുനൽകിയത് ചോദ്യംചെയ്ത യുവതിക്ക് നേരെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോശം പരാമർശം നടത്തിയതായി പരാതി. ചാഴൂർ കാരേപ്പറമ്പിൽ ശ്രീജിത്തിന്റെ ഭാര്യയും തളിക്കുളത്തെ മോചിത മോഹനന്റെ മകളുമായ ബകുൾ ഗീത് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐക്കെതിരെ ആരോഗ്യമന്ത്രിക്കും ഡയറക്ടർക്കും കലക്ടർക്കും പരാതി നൽകി. ജൂൺ 25ന് രണ്ടാമത്തെ കുഞ്ഞിന് യുവതി ജന്മം നൽകി. നാല് ദിവസത്തെ ആശുപത്രി വാസശേഷം തളിക്കുളത്തെ സ്വന്തംവീട്ടിൽ എത്തി.
ജൂലൈ മൂന്നിനാണ് കുട്ടിക്ക് ബി.സി.ജി നൽകാൻ തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജെ.എച്ച്.ഐ ആണ് കാർഡിൽ വാക്സിൻ മാർക്ക് ചെയ്തത്. അദ്ദേഹത്തോട് പ്രസവം നടന്ന തീയതിയും ബി.സി.ജിയാണ് എടുക്കേണ്ടത് എന്നും പറഞ്ഞുവത്രെ. വാക്സിനേഷൻ റൂമിലേക്ക് പ്രവേശിക്കുമ്പോഴാണ് ഗുരുതര വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ജെ.എച്ച്.ഐയുടെ ശ്രദ്ധയിൽപ്പെടുത്തി തിരുത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതികരണം മോശമായിരുന്നെന്നും തെറ്റ് ചൂണ്ടിക്കാണിച്ചതിന് പ്രതികാരമെന്നോണം പ്രൈവറ്റ് കാർഡ് കൊണ്ടുവരുന്നവരെ രജിസ്റ്റർ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞുവെന്നുമാണ് പരാതി. മോശം പരാമർശം നടത്തിയിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.