നീരൊഴുക്കിന് തടസ്സമായി മണൽതിട്ടകൾ
text_fieldsവടക്കാഞ്ചേരി: ശക്തമായ മഴയിൽ പുഴകളിൽ രൂപപ്പെടുന്ന മണൽതിട്ടകൾ നീരൊഴുക്കിന് തടസ്സം. കഴിഞ്ഞ മാസം പെയ്ത കനത്ത മഴയിലും വാഴാനി ഡാം തുറന്നുവിട്ട പശ്ചാത്തലത്തിലും തോടുകളിലും പുഴകളിലും വൻമരങ്ങളും മാലിന്യവുമാണ് ഒഴുകിയെത്തിയത്. ഇനിയും ശക്തമായ മഴ പെയ്താൽ ഇവ നീരൊഴുക്കിന് തടസ്സമാകും. ഇതുകാരണം വലിയ വെള്ളക്കെട്ടുതന്നെ മേഖലയിലുണ്ടാകും.
ഉടൻ മുന്നൊരുക്കം നടത്തിയില്ലെങ്കിൽ സ്ഥിതി ആശങ്കാജനകമാകുമെന്ന് പാടശേഖര സമിതി മുന്നറിയിപ്പ് നൽകുന്നു. വാഴാനിയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം വടക്കാഞ്ചേരി പുഴയായ കുമ്മായച്ചിറയിലാണ് എത്തുന്നത്. ഇവിടെ വൻ മണൽത്തിട്ടയാണ് രൂപപ്പെട്ടത്. കൂടാതെ അശാസ്ത്രീയമായ ചിറ നിർമാണവും പരിസരവാസികളുടെ ഉറക്കം കെടുത്തുന്നു.
കഴിഞ്ഞ മാസത്തെ കനത്ത മഴയിൽ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലും സമീപത്തെ വീടുകളിലേക്കും വൻതോതിൽ മാലിന്യം നിറഞ്ഞ വെള്ളം കയറിയിരുന്നു. ഈ സാഹചര്യത്തിൽ മണൽത്തിട്ടകൾ നീക്കി ഒഴുക്ക് സുഖമമാക്കിയില്ലെങ്കിൽ നിരവധി വീടുകളിൽ വെള്ളം കയറാനിടവരും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, പരിസ്ഥിതി പ്രവർത്തകരും, വർഷങ്ങൾ പഴക്കമുള്ള കുമ്മായച്ചിറയുടെ അശാസ്ത്രീയ നിർമാണത്തെ കുറിച്ചും അപാകതകളെ കുറിച്ചും അധികൃതരെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.