സംസ്ഥാന പാതയിൽ ജലവിതരണ പൈപ്പ് പൊട്ടി; പുതിയ റോഡ് വീണ്ടും തകർന്നു
text_fieldsപെരുമ്പിലാവ്: പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ ജല വിതരണ പൈപ്പ് വീണ്ടും പൊട്ടി. ഇതോടെ മാസങ്ങൾക്ക് മുമ്പ് നിർമിച്ച റോഡ് തകർന്ന് ഗതാഗതം താറുമാറായി. ജലവിതരണവും തടസ്സപ്പെട്ടു. ഒറ്റപ്പിലാവ് ആലുംപടിയിൽ ജലവകുപ്പിന്റെ കൂറ്റൻ പൈപ്പാണ് പൊട്ടിയത്. വലിയ ശബ്ദത്തോടെയാണ് പൈപ്പ് പൊട്ടി റോഡിന്റെ ഒരു ഭാഗം തകർന്നത്. റോഡിലും സമീപത്തെ പറമ്പുകളിലേക്കും വെള്ളം ഒഴുകി.
നാട്ടുകാർ അധികാരികളെ വിവരമറിയിച്ചതിനെ തുടർന്ന് വാൾവ് അടച്ച് ജലവിതരണം നിർത്തി. ഈ റോഡിൽ മൂന്നു മാസത്തിനകം മൂന്നാം തവണയാണ് പൈപ്പ് പൊട്ടി റോഡ് തകരുന്നത്. നാലരക്കോടി ചെലവിട്ട് അത്യാധുനിക നിലവാരത്തിൽ പണിത റോഡാണെന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയിട്ട് ഏഴ് മാസം പിന്നിടുമ്പോഴാണ് പൈപ്പ് പൊട്ടി റോഡ് തകരുന്നത് പതിവാകുന്നത്. 3.5 കിലോമീറ്റർ ദൂരമാണ് റോഡ് പുനർനിർമിച്ചിട്ടുള്ളത്.
റോഡ് നിർമാണത്തിന് മുമ്പ് പഴക്കം ചെന്ന പൈപ്പുകൾ മാറ്റാൻ ജലവകുപ്പിനോട് പൊതുമരാമത്ത് വകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇരുവകുപ്പുകളും തമ്മിലുള്ള ശീതസമരം കാരണം അത് നടപ്പിലായിരുന്നില്ല. പൈപ്പ് പൊട്ടി റോഡ് പൊളിഞ്ഞയിടങ്ങളിൽ അറ്റകുറ്റപ്പണി ചെയ്യാൻ ആരും തയാറാകുന്നുമില്ല. തൃത്താല കുടിവെള്ള പദ്ധതിയുടെ 700 എം.എം പ്രിമോ പൈപ്പാണ് റോഡിനടിയിലൂടെ കടന്നുപോകുന്നത്. അര നൂറ്റാണ്ടു മുമ്പാണ് ഈ പൈപ്പുകൾ സ്ഥാപിച്ചത്. പഴക്കമേറിയ പൈപ്പുകൾ മാറ്റാതെയാണ് റോഡ് നവീകരിച്ചത്. വർഷങ്ങൾ പിന്നിട്ടതിനാൽ റോഡ് വികസിച്ച് റോഡിന്റെ മധ്യഭാഗത്തായാണ് പൈപ്പുകൾ പോകുന്നത്.
റോഡ് വീണ്ടും തകർന്നതോടെ വാഹന ഗതാഗതം അപകടാവസ്ഥയിലായി. ഈ ഭാഗത്തെ വെളിച്ചക്കുറവും അപകടങ്ങൾക്കിടയാക്കും. പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുന്നംകുളം നഗരസഭ സമീപത്തെ നിരവധി പഞ്ചായത്തുകളിലേക്ക് ജലവിതരണവും തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.