കാട്ടാനകൾ വീണ്ടുമെത്തി; കുന്നത്തുപാടത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു
text_fieldsആമ്പല്ലൂര്‍: വരന്തരപ്പിള്ളി കുന്നത്തുപാടത്ത് ഇറങ്ങിയ കാട്ടാനകള്‍ ഇരുപതോളം വീട്ടുപറമ്പുകളില്‍ കൃഷി നാശം വരുത്തി. ബുധനാഴ്ച പുലര്‍ച്ച ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിക്കുകയായിരുന്നു. പ്ലാവ്, കവുങ്ങ്, വാഴ എന്നിവ കടപുഴക്കിയിട്ടു. തീറ്റപ്പുല്ലും ചവിട്ടി നശിപ്പിച്ചു. വീടിന് മുകളിലേക്ക് ആനകള്‍ മരങ്ങള്‍ മറിച്ചിടുമെന്ന ഭീതിയിലാണ് ഇവിടത്തുകാര്‍.
രണ്ടാഴ്ചയിലേറെയായി തുടര്‍ച്ചയായി ജനവാസമേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നുണ്ട്. മേഖലയില്‍ വ്യാപക നാശനഷ്ടം വരുത്തുന്ന ആനകളെ തുരത്താന്‍ വനപാലകര്‍ കാര്യക്ഷമമായ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പരിചയസമ്പന്നരായ വാച്ചര്‍മാരെ എത്തിച്ച് രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കുന്നത്തുപാടത്തിന് സമീപമുള്ള കുട്ടന്‍ചിറ തേക്ക് തോട്ടത്തിലാണ് ആനകള്‍ തമ്പടിച്ചിരിക്കുന്നത്. ഇവിടേക്ക് കൂടുതല്‍ കാട്ടാനകള്‍ എത്തുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുങ്കിയാനകളെ എത്തിച്ച് ജനവാസ മേഖലയില്‍നിന്ന് കാട്ടാനകളെ കാടുകയറ്റണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.