വാഴച്ചാലിൽ മരംമുറിയും നിലമൊരുക്കലും; കാട്ടാനകൾക്ക് സ്വസ്ഥതയില്ല
text_fieldsഅതിരപ്പിള്ളി: അതിരപ്പിള്ളി വനമേഖലയിൽ രണ്ട് ഭാഗങ്ങളിൽ മരം മുറിയും നിലമൊരുക്കലും മൂലം കാട്ടാനകൾക്ക് കാട്ടിൽ സ്വസ്ഥതയില്ല. ഇതാണ് അവ നാട്ടിലിറങ്ങാൻ കാരണമെന്ന് ആരോപണം. അഞ്ച് വയസ്സുകാരിയെ കാട്ടാന കൊലപ്പെടുത്തിയതിനെ തുടർന്ന് വനപാലകരുടെയും ജനകീയ സമിതികളുടെയും നേതൃത്വത്തിൽ പട്രോളിങ് നടത്തിയിട്ടും കാട്ടാനകൾ കൊന്നക്കുഴി, ചാട്ടുകല്ലുതറ, തുമ്പൂർമുഴി പ്രദേശങ്ങളിൽ സ്വൈര വിഹാരം തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലും കാട്ടാനകൾ ആനമല റോഡിലും കൃഷിയിടങ്ങളിലും ഇറങ്ങിയിരുന്നു. അതിരപ്പിള്ളിയിലേക്ക് വരാൻ വിനോദ സഞ്ചാരികൾക്ക് ആശങ്കയുണ്ട്. അതിനാൽ ചെറിയ വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും അതിരപ്പിള്ളിയിലേക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞു. വനമേഖലയിൽ വനം വകുപ്പിന്റെ തകൃതിയായി നടക്കുന്ന പ്രവൃത്തി മൂലമാണ് കാട്ടാനകൾ അവിടെ നിൽക്കാതെ നാട്ടിലേക്ക് ഇറങ്ങുന്നത്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ അതിരപ്പിള്ളി, ചാർപ്പ റേഞ്ചുകളിൽ കുറച്ചുനാളുകളായി തേക്കുകൾ മുറിക്കുകയാണ്. ഈ മേഖല ആനകൾ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളാണ്. തേക്ക് മുറിയുടെ പേരിൽ കാട് ഉഴുത് മറിക്കുന്നുമുണ്ട്.
(അതിരപ്പിള്ളി വനമേഖലയിൽ നടക്കുന്ന പ്രവൃത്തികൾ)
ഒരു വലിയ വനപ്രദേശം ഉഴുതു മറിച്ചിട്ടിട്ടുണ്ട്. അവിടെ നിന്ന് വരുന്ന തോടുകളിലെ വെള്ളത്തിൽ ഇത് പ്രതിഫലിച്ചിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ചാർപ്പ വെള്ളച്ചാട്ടവും കണ്ണങ്കുഴി തോടും ചളിവെള്ളം നിറഞ്ഞ് കലങ്ങി മറിഞ്ഞ് ഒഴുകിയത് ചർച്ചയായിരുന്നു. ഇതേതുടർന്ന് ചാലക്കുടിപ്പുഴയിലെ വെള്ളവും ചുവന്ന് ഒഴുകിയിരുന്നു. അഞ്ച് വയസ്സുകാരിയായ കുട്ടിയെ ആന ആക്രമിച്ച പ്രദേശത്തിന്റെ രണ്ട് വശങ്ങളിലുമാണ് മരം മുറി നടക്കുന്നത്. മണ്ണുമാന്തിയും യന്ത്രവാളും ഉപയോഗിച്ചുള്ള പ്രവൃത്തി കാടിനകത്ത് ഒരു വർഷമായി നടക്കുന്നുണ്ട്. അതിന്റെ കോലാഹലങ്ങളാണ് കാട്ടാനകളെ കാടിറങ്ങാൻ പ്രേരിപ്പിക്കുന്നതെന്നാണ് ആരോപണം.
ഭക്ഷണത്തിന്റെ ലഭ്യതയില്ലായ്മ, ജലക്ഷാമം എന്നിവയും ആനകളെ നാട്ടിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കാട്ടാനകളുടെ ആക്രമണം ഇല്ലാതാക്കാൻ അവക്ക് കാട്ടിൽ ശാന്തമായ അന്തരീക്ഷം ഉണ്ടാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.