പുഴ കടന്നെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
text_fieldsആമ്പല്ലൂർ: പാലപ്പിള്ളിയിൽ പുഴകടന്നെത്തിയ കാട്ടാനക്കൂട്ടം പുലിക്കണ്ണി, കാരികുളം പ്രദേശത്തെ പറമ്പുകളിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കാരികുളം കടവിൽ കുഴിയാനിമറ്റം ജെയിംസ്, കുഴിയാനിമറ്റം ഷാജി എന്നിവരുടെ പറമ്പിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.
ജെയിംസിന്റെ പറമ്പിലെ നൂറിലേറെ റബർ തൈകളും ഷാജിയുടെ പറമ്പിലെ 50 ഓളം കുലച്ച വാഴകളും തെങ്ങുകളും ജാതിമരങ്ങളും കവുങ്ങുകളും ആനകൾ നശിപ്പിച്ചു.
ഓത്തനാട് ഭാഗത്തെ റബർ തോട്ടത്തിലെത്തിയ ആനക്കൂട്ടം കുറുമാലിപുഴ കടന്ന് പുഴയോരത്തെ പറമ്പുകളിൽ നാശം വിതക്കുകയായിരുന്നു. മരങ്ങൾ ഒടിക്കുന്ന ശബ്ദം കേട്ടാണ് ആനകൾ ഇറങ്ങിയ വിവരം വീട്ടുകാർ അറിഞ്ഞത്. കൂട്ടമായെത്തിയ ആനകളെ തുരത്താൻ വീട്ടുകാർക്ക് കഴിഞ്ഞില്ല.
പുലർച്ചെ വരെ പറമ്പുകളിൽ നിലയുറപ്പിച്ച ആനക്കൂട്ടം രാവിലെ പിള്ളത്തോട് ഭാഗത്ത് റോഡ് മുറിച്ചുകടന്നാണ് തൊട്ടടുത്ത റബർ തോട്ടത്തിലേക്ക് പോയത്. ആനകളെ കണ്ട് വഴിയാത്രക്കാരും വാഹനയാത്രികരും മാറിനിൽക്കുകയായിരുന്നു.
കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ച സ്ഥലങ്ങൾ വനം വകുപ്പ് അധികൃതരും മലയോര കർഷക സമിതി പ്രവർത്തകരും സന്ദർശിച്ചു. കഴിഞ്ഞ വർഷവും കാട്ടാനക്കൂട്ടം ഇറങ്ങി കാരികുളത്ത് വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു.
ഫെൻസിങ്: സാങ്കേതികാനുമതി നൽകാൻ നിർദേശം
ചാലക്കുടി: ചാലക്കുടി, വാഴച്ചാൽ, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിൽ ഭരണാനുമതി ലഭിച്ച ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവൃത്തിക്കായുള്ള സാങ്കേതികാനുമതി തിങ്കളാഴ്ചയ്ക്കകം ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വ്യവസായ മന്ത്രി പി. രാജീവ് നിർദേശം നൽകി. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ വന്യജീവി ശല്യം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലാണ് നടപടി.
2023-24 സാമ്പത്തിക വർഷത്തിൽ 108 കി.മീ. ദൂരം ഫെൻസിങ് സ്ഥാപിക്കാൻ നബാർഡ് ഫണ്ടിൽ നിന്ന് 14.62 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
ജനവാസ മേഖലകളിലെ വന്യജീവി സാന്നിധ്യവും ആക്രമണവും വർധിച്ച് വരുന്ന സാഹചര്യത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സനീഷ് കുമാർ ജോസഫ് എം.എൽ.എ കത്ത് നൽകിയിരുന്നു.
ചാലക്കുടി, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലെ പല ഓഫിസുകളിലെയും വാഹനങ്ങളിൽ പലതും ഉപയോഗ്യശൂന്യവും കാലാവധി കഴിഞ്ഞതുമാണെന്നും അടിയന്തര സാഹചര്യങ്ങളിൽ പോലും വനപാലകർക്ക് ആവശ്യമായ ഇടങ്ങളിൽ സുരക്ഷിതമായി എത്തിച്ചേരാനുള്ള സൗകര്യങ്ങളില്ലെന്നും അദ്ദേഹം കത്തിൽ പരാമർശിച്ചിരുന്നു. ഈ ആവശ്യങ്ങളിൽ പരിശോധിച്ച് നടപടികൾ സ്വീകരിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.