ടെസ്റ്റ് ഡ്രൈവിന് കൊടുത്ത ബൈക്കുമായി മുങ്ങിയ യുവാവ് പിടിയിൽ
text_fieldsതൃശൂർ: ഇരുചക്ര വാഹന ഷോറൂമിൽനിന്ന് ടെസ്റ്റ് ഡ്രൈവിന് കൊടുത്ത 2.12 ലക്ഷം രൂപ വിലവരുന്ന പുതിയ മോഡൽ എൻഫീൽഡ് മോട്ടോർസൈക്കിളുമായി മുങ്ങിയയാൾ പൊലീസ് പിടിയിലായി. ആലപ്പുഴ തുറവൂർ കുത്തിയതോട് തിരുമല ഭാഗം കളത്തിൽ വിഷ്ണുശ്രീകുമാറിനെ (32) ആണ് ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മേയ് എട്ടിനാണ് സംഭവം. തൃശൂരിലെ ബൈക്ക് ഷോറൂമിലേക്ക് ഇയാൾ വിളിക്കുകയും പുതിയ മോഡൽ ബൈക്കുകളുടെ വില തിരക്കുകയും ചെയ്തിരുന്നു. തുടർന്ന് ടെസ്റ്റ് ഡ്രൈവ് നടത്തണമെന്ന് പറഞ്ഞ് അയാൾ നിന്നിരുന്ന ഹോട്ടലിന് സമീപത്തേക്ക് ബൈക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
ബൈക്ക് ഷോറൂം ജീവനക്കാരൻ ഉടൻ തന്നെ പുതിയ മോഡൽ ബൈക്കുമായി എത്തുകയും ടെസ്റ്റ് ഡ്രൈവിന് നൽകുകയുമായിരുന്നു. ബൈക്കുമായി കടന്നുകളഞ്ഞ ഇയാൾ ഏറെ നേരമായി തിരിച്ചുവരാതിരുന്നതിനെത്തുടർന്ന് ചതി മനസ്സിലാക്കിയ ഷോറൂം ജീവനക്കാർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ടെസ്റ്റ് ഡ്രൈവിനു നൽകിയ ബൈക്ക് അതിവേഗത്തിൽ ഓടിച്ചു കൊണ്ടുപോയ ഇയാളെ വയനാട് കൽപ്പറ്റയിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച വാഹനത്തിന്റെ നമ്പർപ്ലേറ്റ് മാറ്റി സ്വന്തമായി ഉപയോഗിച്ചുവരികയായിരുന്നു ഇയാൾ.
വിഷ്ണു ശ്രീകുമാറിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നാല് സ്ത്രീപീഡന കേസുകളും മോഷണം, സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കൽ തുടങ്ങിയവയുമുൾപ്പെടെ നിലവിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പ്രതിയെ പിടികൂടിയ സംഘത്തിൽ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവിയെ കൂടാതെ സബ് ഇൻസ്പെക്ടർ എൻ.ബി. സുനിൽകുമാർ, അസി. സബ് ഇൻസ്പെക്ടർ വില്ലിമോൻ, സി.പി.ഒമാരായ പി. ഹരീഷ് കുമാർ, വി.ബി. ദീപക്, സൈബർ സെൽ സി.പി.ഒമാരായ കെ. ശരത്, കെ.എസ്. നിതിൻ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.