ഭർതൃവീട്ടിൽ യുവതി മരിച്ചത് ശ്വാസംമുട്ടിയെന്ന് പരിശോധന റിപ്പോർട്ട്
text_fieldsഅന്തിക്കാട്: പെരിങ്ങോട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ മരിച്ചത് ശ്വാസംമുട്ടിയെന്ന് കണ്ടെത്തൽ. വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. മുല്ലശ്ശേരി സ്വദേശി സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും ഏകമകൾ ശ്രുതിയെയാണ് രണ്ടു വർഷം മുമ്പ് ഭർത്താവ് അരുണിന്റെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ശ്രുതി മരിച്ചത് ശ്വാസംമുട്ടിയാണെന്നും കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായെന്നും മഞ്ചേരി മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലെ അഞ്ചു ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി.
കുളിമുറിയിൽ കുഴഞ്ഞുവീണ് ശ്രുതി മരിച്ചെന്നായിരുന്നു അരുണിന്റെയും കുടുംബത്തിന്റെയും മൊഴി. എന്നാൽ, മരണകാരണം ശ്വാസംമുട്ടിയാണെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ശ്രുതിയെ അരുൺ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മാതാവ് ശ്രീദേവി പറഞ്ഞു.
ശ്രുതിയുടേത് കൊലപാതകമാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ രംഗത്തെത്തിയത്. 2020 ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടിൽ ശ്രുതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെരിങ്ങോട്ടുകര കരുവേലി സുകുമാരന്റെ മകൻ അരുണുമായി വിവാഹം കഴിഞ്ഞ് പതിനാലാം ദിവസമായിരുന്നു മരണം.
തുടക്കം മുതൽ അന്വേഷണം അട്ടിമറിക്കുന്ന നിലപാടാണ് അന്തിക്കാട് പൊലീസ് സ്വീകരിച്ചതെന്ന് ശ്രുതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നുവെങ്കിലും പൊലീസ് അവഗണിച്ചു. അന്ന് എസ്.ഐക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്ടർമാരുടെ റിപ്പോർട്ടും വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.