സെൽഫിയെടുക്കവെ യുവതി കടലിൽ വീണു; രക്ഷകനായി മത്സ്യത്തൊഴിലാളി
text_fieldsഎറിയാട് (തൃശൂർ): സെൽഫിയെടുക്കുന്നതിനിടെ കടലിൽ വീണ യുവതിയെ മത്സ്യത്തൊഴിലാളി രക്ഷിച്ചു. മതിലകം സ്വദേശിനിയാണ് (24) അത്ഭുതകരമായി രക്ഷപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ പേബസാർ ബീച്ചിൽ പോണത്ത് അജയനാണ് തിരയിലകപ്പെട്ട് അബോധാവസ്ഥയിലായ യുവതിയെ കടലിൽ ചാടി രക്ഷിച്ചത്.
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു. പേബസാർ കടപ്പുറത്ത് കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. പേബസാർ ബീച്ചിലുള്ള ബന്ധുവിെൻറ വീട്ടിൽ ഉമ്മയോടൊപ്പം കല്യാണം ക്ഷണിക്കാനെത്തിയതായിരുന്നു ഇവർ.
ഉമ്മയെ കരയിൽ നിർത്തി കടൽഭിത്തിയിലേക്ക് കയറിനിന്ന് സെൽഫിയെടുക്കുന്നതിനിടെ പൊടുന്നനെ പിന്നിൽനിന്ന് കൂറ്റൻ തിരമാല കൽഭിത്തിയിലേക്ക് അടിച്ചുകയറിയതോടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു.
80 മീറ്ററോളം ദൂരെ കടലിലിറങ്ങി നീന്തിച്ചെന്നാണ് രക്ഷപ്പെടുത്തിയത്. അജയനെ അഴീക്കോട് തീരദേശ പൊലീസും പ്രസിഡൻറ് കെ.പി. രാജെൻറ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും വീട്ടിലെത്തി ആദരിച്ചു.
കോസ്റ്റൽ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപ്, എസ്.ഐ നന്ദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രശാന്ത് കുമാർ, മത്സ്യത്തൊഴിലാളി ദാസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രസീന റാഫി, സ്ഥിരംസമിതി അധ്യക്ഷരായ അംബിക ശിവപ്രിയൻ, പി.കെ. അസീം, നജ്മൽ ഷക്കീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.