ജ്വല്ലറികളിൽ മോഷണം: യുവാവും യുവതിയും പിടിയിൽ
text_fieldsതൃശൂർ: ജ്വല്ലറികളിൽ മോഷണം നടത്തുന്ന യുവാവും യുവതിയും പിടിയിൽ. തലശ്ശേരി കതിരൂർ റോസ് മഹലിൽ മിഷായേൽ, സുഹൃത്ത് പിണറായി സുധീഷ് നിവാസിൽ അനഘ എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽനിന്ന് മൂന്ന് പവൻ സ്വർണമാല മോഷ്ടിച്ചതിനാണ് ഇരുവരും പിടിയിലായത്.
നവംബർ 21നായിരുന്നു കവർച്ച. എറണാകുളത്തുനിന്ന് കാറിൽ എത്തിയ ഇരുവരും തേക്കിൻകാട് മൈതാനിയിൽ കാർ നിർത്തിയിട്ട് ഓട്ടോറിക്ഷയിലാണ് ജ്വല്ലറിയിൽ എത്തിയത്.
താലിമാല വാങ്ങാനെന്ന് ധരിപ്പിച്ച ശേഷം മാലകൾ നോക്കുന്നതിനിടെയാണ് ഒരു മാല ജ്വല്ലറി ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് കൈക്കലാക്കിയത്. തുടർന്ന് എ.ടി.എമിൽനിന്ന് പണം എടുത്തുവരാമെന്ന് പറഞ്ഞ് ഇരുവരും കടന്നുകളയുകയായിരുന്നു.
വൈകീട്ട് സ്റ്റോക്ക് നോക്കുമ്പോഴാണ് മാലയുടെ കുറവ് കണ്ടത്. സി.സി.ടി.വി പരിശോധിച്ചതിൽ ഇവരുടെ മോഷണം കണ്ടെത്തി. വ്യാഴാഴ്ച സമാന രീതിയിൽ നഗരത്തിലെ മറ്റൊരു ജ്വല്ലറിയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പെട്രോൾപമ്പ് കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മിഷായേൽ. എസ്.എച്ച്.ഒ അലവി, എസ്.ഐമാരായ ശരത്ത്, ജിനോപീറ്റർ, എ.എസ്.ഐ ജയലക്ഷ്മി, സീനിയർ സി.പി.ഒ രാഗേഷ്, സി.പി.ഒ മഹേഷ് മനോജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.