ഏഴ് ഏക്കർ ഭൂമിയുണ്ട്; സൗകര്യങ്ങൾ മാത്രമില്ല
text_fieldsആമ്പല്ലൂര്‍: ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ കുറുമാലിക്കാവ് ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യം. ദേശീയപാതയില്‍ പുതുക്കാട് കുറുമാലി പാലത്തിന് സമീപം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രമാണിത്. ഓരോ മണ്ഡലകാലത്തും ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഇവിടെ വിരിവെച്ച് വിശ്രമിക്കാനെത്തുന്നത്.
എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പ്രശ്‌നമാവുകയാണ്. തീര്‍ഥാടകര്‍ക്കും മറ്റ് ഭക്തര്‍ക്കും ഉപയോഗിക്കാനുള്ളത് ഒറ്റ ശുചിമുറി മാത്രമാണ്. അത് കിണറിന്റെ സമീപത്തുമാണ്. ക്ഷേത്രത്തിന് തൊട്ടടുത്ത് കുറുമാലി പുഴയില്‍ കുളിക്കാൻ സൗകര്യമുണ്ടെങ്കിലും പടവുകള്‍ ചളി നിറഞ്ഞനിലയിലാണ്.
ക്ഷേത്രത്തിന്റെ അധീനതയില്‍ ഏഴ് ഏക്കറോളം സ്ഥലമുണ്ട്. ഇവിടം പുല്ല് വളര്‍ന്നുകിടക്കുന്നു. മാലിന്യ ശേഖരണത്തിനോ സംസ്‌കരണത്തിനോ സംവിധാനമില്ല. ക്ഷേത്രം ദേശീയപാതയോരത്ത് ആയതിനാല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും സമീപത്തെ പുഴയുമാണ് ശബരിമല തീര്‍ഥാടകരെ ആകര്‍ഷിക്കുന്നത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വരുമാനത്തില്‍ മുന്‍നിരയിലുള്ള കുറുമാലിക്കാവ്, ജില്ലയിലെ പതിനെട്ടര കാവുകളിലൊന്നാണ്. വര്‍ഷങ്ങൾക്കുമുമ്പ് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമിക്കാന്‍ ശ്രമം നടന്നെങ്കിലും പലവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയി.
ദിനേന നൂറുകണക്കിന് ഭക്തരെത്തുന്ന തട്ടക ക്ഷേത്രത്തില്‍ സ്വന്തമായുള്ള ഭൂമി അടിസ്ഥാന വികസനത്തിനായി ഉപയോഗിക്കണമെന്നാണ് ഭക്തരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.