നാട്ടിക ഫർക്ക വടക്കൻ പഞ്ചായത്തുകളിൽ കുടിനീരിന് ക്ഷാമം
text_fieldsവാടാനപ്പള്ളി: മഴ മാറിയതോടെ നാട്ടിക ഫർക്ക സമഗ്ര കുടിവെള്ള പദ്ധതിയുടെ കീഴിലുള്ള വടക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം. ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം പഞ്ചായത്തുകളിലെ പുഴയോര മേഖലയിലാണ് കുടിവെള്ളത്തിന് വിഷമിക്കുന്നത്.
പടന്ന, ചേറ്റുവ കടവ്, നടുവിൽക്കര, ചേലോട്, മണപ്പാട്, ചേർക്കര പ്രദേശങ്ങളിൽ ടാപ്പുകളിൽ വെള്ളമെത്തിയിട്ട് ആഴ്ച പിന്നിട്ടു. പമ്പിങ് സുഗമമായി നടക്കാത്തതാണ് പ്രശ്നം. ദ്രവിച്ച പൈപ്പുകൾ മാറ്റാത്തതിനാൽ വെള്ളം ശക്തിയായി പമ്പ് ചെയ്യുന്നതിന് നിയന്ത്രണമുണ്ട്.
ശേഖരിച്ച വെള്ളം കഴിഞ്ഞതോടെ ഇവിടങ്ങളിലുള്ളവർ നെട്ടോട്ടത്തിലാണ്. പലരും പണം മുടക്കി ടാങ്കറിൽ വെള്ളം കൊണ്ടുവരുകയാണ്. കുടിവെള്ള ക്ഷാമം തുടരുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പദ്ധതികളും പുതിയ ലൈൻ വലിക്കുന്ന പ്രവൃത്തിയും നടപ്പാകാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഗുരുവായൂർ, നാട്ടിക, കയ്പമംഗലം മണ്ഡലങ്ങളിലെ പഞ്ചായത്തുകളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന നാട്ടിക ഫർക്ക സമഗ്ര കുടിവെള്ള പദ്ധതി അനന്തമായി നീളുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് എൻ.കെ. അക്ബർ എം.എൽ.എ നിവേദനം നൽകി.
കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 88 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ എങ്ങണ്ടിയൂർ, വടാനപ്പള്ളി ഉൾപ്പെടെയുള്ള നാട്ടിക ഫർക്കയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാമെന്നും അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കാമെന്നും മന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.