ജീവനക്കാർക്ക് താമസ സൗകര്യം ഇല്ല; പെങ്ങാമുക്ക് -തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സർവിസ് വീണ്ടും നിലച്ചു
text_fieldsപഴഞ്ഞി: ‘പാതിരാ കുറുക്കൻ’എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന പെങ്ങാമുക്ക് -തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ് സർവിസ് വീണ്ടും നിലച്ചു. ജീവനക്കാർക്ക് പെങ്ങാമുക്കിൽ താമസ സൗകര്യമില്ലാത്തതാണ് സർവിസ് വീണ്ടും നിർത്താൻ കാരണം. ജീവനക്കാർക്ക് സ്ഥിരം താമസ സൗകര്യമൊരുക്കി നൽകിയാൽ മാത്രമേ ഈ സർവിസ് പുനരാരംഭിക്കാനാകൂവെന്ന നിലപാടിലാണ് അധികൃതരും.
1982ലാണ് അന്നത്തെ എം.എൽ.എയായിരുന്ന പെങ്ങാമുക്ക് സ്വദേശി കെ.എസ്. നാരായണൻ നമ്പൂതിരിയുടെ പ്രത്യേക താൽപര്യപ്രകാരം സർവിസ് തുടങ്ങിയത്. പുലർച്ചെ അഞ്ചിന് പെങ്ങാമുക്കിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് അവിടെനിന്ന് പുറപ്പെടുന്ന ബസ് രാത്രി 11.30 ന് പെങ്ങാമുക്കിൽ എത്തും.
ഇങ്ങനെയായിരുന്നു സർവിസ്. ഇതിനും മുമ്പും പല തവണ സർവിസ് നിലച്ചും തുടങ്ങിയും പോയിരുന്ന ഈ റൂട്ട് ഇനി പുനരാരംഭിക്കാൻ താമസ സൗകര്യം അത്യാവശ്യമായി വന്നിരിക്കുകയാണ്. നാലര പതിറ്റാണ്ടായുള്ള സർവിസ് ഇനിയും ആരംഭിക്കണമെങ്കിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയിൽ സ്ഥിരമായ താമസ സൗകര്യം ഒരുക്കി നൽകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
അതിനുള്ള സൗകര്യം ലഭിച്ചാൽ കെട്ടിടം ഒരുക്കാൻ എം.എൽ.എയും തയാറാണെന്ന നിലപാടിലാണ്. സ്വന്തമായ കെട്ടിടം ഒരുക്കി വരുന്നതിന് കാലതാമസം ഉള്ളതിനാൽ താൽകാലികമായി മറ്റൊരു വാടക വീട്ടിൽ താമസം ഒരുക്കി കൊടുക്കാനുള്ള ശ്രമവും നടക്കുന്നതായി അറിയുന്നു.
പഴഞ്ഞി, കുന്നംകുളം മേഖലയിലെ ദീർഘദൂര യാത്രക്കാരും വിദ്യാർഥികളും കച്ചവടക്കാരും ഈ സർവിസ് നിലച്ചതിൽ ദുരിതത്തിലാണ്. കൂടാതെ പഴഞ്ഞി മേഖലയിലേക്ക് മറ്റു രണ്ടു കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ഉണ്ടായിരുന്നെങ്കിലും അതും നിലച്ചിട്ട് വർഷങ്ങൾ ഏറെയായി.
പെരുന്തിരുത്തി-പുളിക്കകടവ് പാലം തുറന്നതോടെ പൊന്നാനി- കുന്നംകുളം സർവിസ് ഉണ്ടായിരുന്നു. പ്രതിദിനം നാല് സർവിസ് നടത്തിയിരുന്നു. ചിറക്കൽ- വടക്കാഞ്ചേരി - മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് - തിരുവനന്തപുരം സർവിസ് നടത്തിയിരുന്ന ബസും ഉണ്ടായിരുന്നു. ഇവയെല്ലാം പഴഞ്ഞിക്കാരുടെ ഓർമ മാത്രമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.