കുളമുണ്ട്, വെള്ളവുമുണ്ട്; എത്തിപ്പെടാന്‍ വഴിയില്ല; വെള്ളത്തിനായി നെട്ടോട്ടമോടി ജനങ്ങൾ
text_fieldsവെള്ളിക്കുളങ്ങരയിലെ തേശേരികുളം
വെള്ളിക്കുളങ്ങര: വേനല്‍ച്ചൂട് കടുത്തതോടെ പലയിടങ്ങളിലും ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ മലയോരത്തെ ജലസമൃദ്ധമായ പൊതുകുളം ആര്‍ക്കും പ്രയോജനപ്പെടാതെ അവഗണനയില്‍ കിടക്കുന്നു. വെള്ളിക്കുളങ്ങര തേശേരികുളമാണ് നവീകരണം പാതിവഴിയില്‍ നിലച്ച് അവസ്ഥയില്‍ കിടക്കുന്നത്. പല ഘട്ടങ്ങളിലായി ലക്ഷങ്ങള്‍ ചെലഴിച്ചിട്ടും നാട്ടുകാര്‍ക്ക് ഉപകാരപ്പെടാതെ കിടക്കുകയാണ് നൂറ്റാണ്ടോളം പഴക്കമുള്ളക്കുളം.
കട്ടിപ്പൊക്കം പ്രദേശത്തോടു ചേര്‍ന്നുള്ള ജലസമൃദ്ധമായ കുളം നവീകരിച്ചെടുത്താല്‍ വേനല്‍ക്കാലത്ത് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഒരുകാലത്ത് വെളളിക്കുളങ്ങരയില് നെല്‍കൃഷി നടന്നിരുന്നത് തേശേരികുളത്തിലെ വെള്ളത്തെ ആശ്രയിച്ചായിരുന്നു. ഇപ്പോഴത്തെ വെള്ളിക്കുളങ്ങര ബസ് സ്റ്റാൻഡ്, ഗവ. യു.പി സ്കൂള്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ക്കു സമീപം നേരത്തേ നെല്‍പ്പാടങ്ങളായിരുന്നു. തേശേരികുളത്തില്നിന്ന് തോടുവഴിയെത്തിയിരുന്ന വെള്ളമാണ് അക്കാലത്ത് ഇവിടെ നെല്കൃഷിക്കുപയോഗിച്ചിരുന്നത്.
അരനൂറ്റാണ്ട് മുമ്പ് വെള്ളിക്കുളങ്ങരക്ക് കിഴക്കുള്ള കാടുകളില്‍ കൂപ്പുപണി നടന്നിരുന്നപ്പോള്‍ തടി വലിക്കാന്‍ വന്നിരുന്ന ആനകളെ കുളിപ്പിക്കാന്‍ കൊണ്ടുവന്നിരുന്നത് തേശേരി കുളത്തിലായിരുന്നെന്ന് മുതിര്‍ന്നവര്‍ ഓര്‍ക്കുന്നു. ഇവിടെ പാടങ്ങള്‍ ഇല്ലാതാവുകയും വീടുകള്‍ ഉയരുകയും ചെയ്തപ്പോള്‍ തേശേരികുളം വിസ്തൃതിയിലായി.
ആരും ഉപയോഗിക്കാതെ പാഴ്ചടികളും പുല്ലും മൂടി നാശോന്മുഖമായ കുളം പുനരുദ്ധരിക്കണമെന്ന് ആവശ്യമുയര്‍ന്നതോടെ രണ്ട് പതിറ്റാണ്ടു മുമ്പ് ഇതിന് ഫണ്ട് അനുവദിക്കപ്പെട്ടു. മുക്കാല്‍ ഏക്കറോളം വിസ്തൃതിയുള്ള കുളത്തിലെ മണ്ണും ചളിയും നീക്കി വശങ്ങള് കരിങ്കല്‍ കെട്ടി സംരക്ഷിക്കുന്ന പണികള്‍ ആരംഭിച്ചെങ്കിലും പാതിവഴിയില്‍ സ്തംഭിക്കുകയായിരുന്നു. കുളത്തിലേക്ക് വഴിയില്ലാത്തതും ഇറങ്ങാന്‍ പടവുകളില്ലാത്തതും മൂലം കുളത്തിലെ ജലസമൃദ്ധി കണ്ടുനില്ക്കാനേ ഇപ്പോള്‍ നാട്ടുകാര്ക്കാവുന്നുള്ളൂ. കുളത്തിന്റെ നവീകരണത്തിനായി അടുത്തകാലത്ത് 34 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കപ്പെട്ടെങ്കിലും കുളത്തിലേക്ക് വഴി ഇല്ലാത്തതിനാല്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ല.
വേനല്‍ക്കാലമായാല്‍ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന കട്ടിപൊക്കം പ്രദേശത്തോടു ചേര്‍ന്നാണ് തേശേരി കുളമുള്ളത്. നേരത്തേ ഉണ്ടായിരുന്ന പൊതുവഴി പുനരുദ്ധരിച്ച് കുളത്തിന്റെ നവീകരണം പൂര്‍ത്തിയാക്കുകയും സൗന്ദര്യവത്കരിക്കുകയും വേണമെന്നാണ് ആവശ്യമുയ
രുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.