പ്രതീക്ഷയിൽ തിരുപഴഞ്ചേരി
text_fieldsതൃപ്രയാർ: വലപ്പാട് തിരുപഴഞ്ചേരി ലക്ഷംവീടുകൾ പൊളിച്ചുപണിയാൻ തടസ്സമായിരുന്ന ചുവപ്പുനാട അഴിച്ചുമാറ്റി. ഇനി ഈ വീടുകളുടെ മുഖച്ഛായ മാറും. സ്വകാര്യ പണമിടപാട് സ്ഥാപനമായ മണപ്പുറം ഫൗണ്ടേഷൻ നവീകരിച്ച വീടുകളുടെ പദ്ധതി നടപ്പാക്കും. ഒരു വീടിന് ഏഴു ലക്ഷം രൂപ ചെലവ് കണക്കാക്കിയാണ് പദ്ധതി രൂപകൽപന ചെയ്തത്. 20 വീടുകളിലൊന്ന് താമസക്കാരൻ മറ്റൊരാൾക്ക് കൈമാറിയിരുന്നു. രേഖകളില്ലാത്തതിനാൽ പദ്ധതി നടപ്പാക്കാനാവില്ലെന്നാണ് അധികൃതർ വാശിപിടിച്ചത്. ഇതുമൂലം രണ്ടു വർഷം പോയി. ഇപ്പോൾ പ്രശ്നമുള്ള വീട് ഒഴിച്ചിട്ട് മറ്റു 19 വീടുകളുടെ സ്ഥലത്താണ് നിർമാണം നടത്തുക. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ഡി. ഷിനിത പറഞ്ഞു.
ദുരിതം, ഈ ജീവിതം
തദ്ദേശ സ്ഥാപനങ്ങൾ ഇരട്ട വീടുകളായിരുന്ന ലക്ഷംവീടുകളിൽ പലതും ഒറ്റ വീടുകളാക്കി മാറ്റിക്കൊടുത്തു. എന്നിട്ടും വലപ്പാട് പഞ്ചായത്തിലെ തിരുപഴഞ്ചേരി ലക്ഷംവീടുകൾക്ക് മാറ്റമുണ്ടായില്ല. പൊട്ടിപ്പൊളിഞ്ഞ് തകർന്നുവീഴാറായ മേൽക്കൂരകൾ, വിള്ളൽ വീണ ചുമരുകൾ... ഇവക്കുള്ളിൽ അന്തിയുറങ്ങുമ്പോൾ ഭയം കണ്ണുകളിൽ തളം കെട്ടും. ജീവനിൽ കൊതിയുള്ളവർ പലരും വീടുകളുപേക്ഷിച്ചു പോയി വാടകക്ക് താമസിച്ചുവരുകയാണ്. ഇവരുടെ വീടുകളെല്ലാം കാടുമൂടി. ഇവിടെ ക്ഷുദ്രജീവികളുടെ വാസസ്ഥലമായി. 20 വീടുകളിൽ 10 കുടുംബങ്ങളാണ് വീഴാറായ വീടുകളിൽ കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞ മാസം ഒരു വീടിനു മുകളിൽ മയിൽ പറന്നു വന്നിരുന്നപ്പോൾ പോലും ആ ഭാഗം തകർന്നുവീണു. വർഷക്കാലത്ത് വെള്ളം കയറുന്ന സ്ഥലംകൂടിയാണിത്. 50 വർഷമായെങ്കിലും ഒരു തെരുവുവിളക്കു പോലും നൽകിയില്ല. ഒരു കുടിവെള്ള ടാപ് സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.