ലഹരിക്കേസിൽ പിടികൂടിയവരെ ചോദ്യം ചെയ്തു; ക്ഷേത്രക്കവർച്ചയുടെ ചുരുളഴിഞ്ഞു
text_fieldsഅന്തിക്കാട്: എം.ഡി.എം.എയും കഞ്ചാവുകേസിലും പിടികൂടിയവരെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് ക്ഷേത്രക്കവർച്ചയും. എം.ഡി.എം.എയും കഞ്ചാവും പാർക്കിലേക്ക് വിൽപനക്കായി ബൈക്കിൽ കൊണ്ടുപോയിരുന്ന രണ്ട് യുവാക്കളെ അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കണ്ടശ്ശാംകടവ് കാരമുക്കിൽ വാടകക്ക് താമസിക്കുന്ന വെളുത്തൂർ സ്വദേശി ചെട്ടിക്കാട്ടിൽ വിഷ്ണുസാജൻ (20) കണ്ടശ്ശാംകടവ് പടിയം വാടയിൽ വീട്ടിൽ വി.എസ്. വിഷ്ണു (20) എന്നിവരെയാണ് എസ്.ഐ അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി കണ്ടശ്ശാംകടവ് ബോട്ടുജെട്ടിക്ക് സമീപത്തെ പാർക്കിൽനിന്നാണ് ഇരുവരേയും പിടികൂടിയത്. പേന്റിന്റെ ഇടയിലും ഷർട്ടിന്റെ കീശയിലും ദേഹത്തും ഒളിപ്പിച്ച നിലയിൽ 1.50 ഗ്രാം എം.ഡി.എം.എ യും 13.75 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു.
പിടികൂടിയ വാഹനത്തിന്റെ നമ്പർ പരിശോധിച്ചപ്പോഴാണ് കഴിഞ്ഞദിവസം പട്ടാപ്പകൽ തൊയക്കാവിൽ നടത്തിയ ക്ഷേത്രക്കവർച്ചയിൽ ഇവർക്ക് പങ്കുള്ളതായി അറിഞ്ഞത്. കാളിയേക്കലിലെ വേലിയത്ത് രുദ്രമാല ഭദ്രകാളി ക്ഷേത്രത്തിൽ ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാലയും താലികളുമാണ് കവർന്നത്. വ്യാഴാഴ്ച രാവിലെ ഏഴോടെ ബൈക്കിലെത്തിയ ഇരുവരും ക്ഷേത്രനട അടക്കാൻ ഒരുങ്ങിയ പൂജാരി വിബിനോട് നട അടക്കരുതെന്നും മാതാപിതാക്കൾ ദർശനത്തിന് ഉടൻ വരുമെന്നും അറിയിച്ചു. ഇതോടെ പൂജാരി അടുത്ത വീട്ടിലേക്ക് മൊബൈൽ എടുക്കാൻ പോയ തക്കംനോക്കി ഇരുവരും ക്ഷേത്രത്തിനകത്ത് കയറിയാണ് കവർച്ച നടത്തുകയായിരുന്നു. പരാതിപ്രകാരം പാവറട്ടി പൊലീസ് സമീപത്തെ കടയിലെയും മറ്റൊരിടത്തേയും സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന അന്വേഷണത്തിനിടയിലാണ് അന്തിക്കാട് പൊലീസ് എം.ഡി.എം.എയും കഞ്ചാവുമായി ഇരുവരെയും പിടികൂടിയത്.
ക്ഷേത്രക്കവർച്ചകളിലും ഇരുവരും ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൽ അന്തിക്കാട് പൊലീസ് മറ്റ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട സി.സി.ടി.വി കാമറകറിലെ വാഹനത്തിന്റെ നമ്പർ പരിശോധിച്ച് നടത്തിയ പരിശോധനയിലാണ് തൊയക്കാവ് ക്ഷേത്രത്തിലെ കവർച്ചയിലും ഇരുവരും ഉൾപ്പെട്ടതായി വിവരം ലഭിച്ചത്. പിടികൂടിയവരിൽ ഒരാൾ കാലിൽ ബാന്റേജ് ധരിച്ചിരുന്നു. ഇതാണ് പ്രതികളെ പിടികൂടാൻ എളുപ്പമാക്കിയത്. ക്ഷേത്രത്തിൽ എത്തിയവരിൽ ഒരാൾ ബാന്റേജ് ധരിച്ചിരുന്നു. നേരത്തെ അപകടത്തിൽ പരിക്ക് പറ്റിയതാണ്. മോഷണം പോയ ക്ഷേത്രത്തിലെ പൂജാരിയെ അന്തിക്കാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
ക്ഷേത്രത്തിൽ എത്തിയത് ഇവർ തന്നെയാണെന്ന് പൂജാരി തിരിച്ചറിഞ്ഞു. പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. വിവരം അറിയിച്ചതോടെ പാവറട്ടി പൊലീസും അന്തിക്കാട് എത്തിയിരുന്നു. തൃശൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അപേക്ഷ നൽകി കോടതിയിൽനിന്ന് പാവറട്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ക്ഷേത്രത്തിൽ തെളിവെടുപ്പിന് കൊണ്ടുവരും. പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിൽ എസ്.ഐ ജോസി, എ.എസ്.ഐ ചഞ്ചൽ, സി.പി.ഒമാരായ സനിൽകുമാർ കൃഷ്ണകുമാർ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.