വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
text_fieldsതൃശൂർ: കഞ്ചാവ് ലഹരിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കളെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ചേരി സ്വദേശികളായ വലിയവീട്ടിൽ അക്ഷയ് (21), അയിരി പറമ്പിൽ യദുകൃഷ്ണൻ (21), പറോളി ചിറയത്ത് ബിസ് വിൻ (21) എന്നിവരെയാണ് നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. അവിണിശേരി പൂതേരി രാജുവിന്‍റെ വീട്ടിലേക്കാണ് അതിക്രമിച്ച് കയറിയത്. ഇരുമ്പുവടികളുമായി രാജുവിനെ ആക്രമിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ പെരിഞ്ചേരി പള്ളി പെരുന്നാളിന് രാജുവിന്റെ മകനുമായുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് കഞ്ചാവിന്റെ ലഹരിയിൽ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. രാജുവിന്റെ വീടിന്റെ കതകിൽ മുട്ടി വിളിച്ച് അകത്തേക്ക് കയറിയ സംഘം മകനെ തിരഞ്ഞു. മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല.
തുടർന്ന് രാജുവിനെ ആക്രമിക്കുകയായിരുന്നു. ഭാര്യയുടെയും മൂത്ത മകന്‍റെയും നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ മൂവരെയും നെടുപുഴ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച ആയുധവും ബൈക്കും പിടിച്ചെടുത്തു. എസ്.ഐമാരായ അനുദാസ്, പൗലോസ്, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ് കെ. മാരാത്ത്, ശ്രീനാഥ് എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.