തൃപ്രയാർ ഏകാദശി 11ന്; ആഘോഷ പരിപാടികൾ ഒഴിവാക്കി
text_fieldsതൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശി ഡിസംബർ 11ന് ആഘോഷ പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾക്ക് കുറവുവരാതെ നടത്താൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.ബി. മോഹനെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ദശമി ദിനത്തിൽ 10ന് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ശാസ്താവിനെയും തേവരെയും കൂട്ടി എഴുന്നള്ളിക്കും. രാത്രി ഒമ്പതിന് ദശമി വിളക്കും ഉണ്ടാകും. 11ന് ഏകാദശി ദിവസം പതിവ് പ്രകാരമുള്ള ചടങ്ങുകളും വിശേഷാൽ കാഴ്ചശീവേലി തുടങ്ങിയവയും രാത്രി വിളക്കിനെഴുന്നള്ളിപ്പും ഉണ്ടാകും. ചടങ്ങുകൾക്ക് ശേഷം രാത്രി 11.30ന് നടയടക്കും. 12ന് ദ്വാദശി ദിവസം പുലർച്ച 4.30ന് ദർശന സൗകര്യം ഉണ്ടാകും. രാവിലെ നടക്കുന്ന ദ്വാദശിപ്പണ സമർപ്പണത്തോടെ ഏകാദശി ചടങ്ങുകൾ സമാപിക്കും. ദ്വാദശി ദിവസം ക്ഷേത്രനട പതിവുപൂജകൾക്ക് ശേഷം രാവിലെ 9.30ന് അടക്കും. കോവിഡ് സാഹചര്യത്തിൽ ഈ വർഷം ഏകാദശി, ദ്വാദശി ഊട്ടുകൾ ഉണ്ടായിരിക്കില്ല.
കലക്ടറുടെ നിർദേശാനുസരണം മാത്രമായിരിക്കും ആന എഴുന്നള്ളിപ്പുകൾ നടത്തുക. ഭക്തജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ദർശനസൗകര്യം ഏർപ്പെടുത്തുക. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി വി.എ. ഷീജ, സ്പെഷൽ ദേവസ്വം കമീഷണർ എൻ. ജ്യോതി, ചീഫ് വിജിലൻസ് ഓഫിസർ ജയരാജ്, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. രാജൻ, തൃശൂർ ഗ്രൂപ് അസി. കമീഷണർ വി.എൻ. സ്വപ്ന, തൃപ്രയാർ ദേവസ്വം മാനേജറുടെ ചുമതല വഹിക്കുന്ന അസി. കമീഷണർ എം. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.