യുനെസ്കോയുടെ പഠന നഗരമായി തൃശൂർ; പ്രഖ്യാപനം നാളെ
text_fieldsതൃശൂര്‍: കോര്‍പറേഷനെ ഐക്യരാഷ്ട്ര സഭയുടെ കീഴിലെ യുനെസ്കോ പഠനനഗരമായി തെരഞ്ഞെടുത്തതായി മേയര്‍ എം.കെ. വര്‍ഗീസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തൃശൂര്‍ നഗരത്തിലേക്ക് വരുന്ന ഏതൊരാള്‍ക്കും താല്പര്യമുള്ള ഏത് വിഷയത്തിലും പഠനം നടത്താനും അറിവ് സമ്പാദിക്കാനും അനുയോജ്യമായ സാഹചര്യമാണ് കോര്‍പറേഷനില്‍ നിലവിലുള്ളത്.
തൃശൂര്‍ നഗരത്തിലെ വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലെ പഠന ഗവേഷണങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയത്താൻ ആവശ്യമായ കര്‍മപദ്ധതികള്‍ ഇതിനകം കോര്‍പറേഷന്റെ നേതൃത്വത്തില്‍ കില, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ എഫയേഴ്സ്, തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തയാറാക്കി വരുന്നതായി മേയര്‍ പറഞ്ഞു. പുതുതലമുറയില്‍ രാഷ്ട്രീയ-സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കാൻ 2022 ജൂലൈ 18ന് തൃശൂര്‍ നഗരത്തിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് നടത്തിയിരുന്നു.
തൃശൂര്‍ നഗരത്തിലെ പൊതുയിടങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യപരവും സുസ്ഥിരവുമാക്കി മാറ്റി എട്ട് വയസ്സുവരെയുള്ള കുട്ടികളില്‍ വ്യക്തിത്വ വികാസത്തിന് വഴിയൊരുക്കാൻ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്ലോബല്‍ ഡിസൈനിങ് സിറ്റീസ് ഇനീഷ്യേറ്റിവ്, സ്ട്രീറ്റ് ഫോര്‍ കിഡ്സ് പ്രോഗ്രാം എന്നിവയിലേക്ക് ലോകത്തെ 20 നഗരങ്ങളിൽ ഒന്നായി തൃശൂര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 237 അംഗൻവാടികളുടെയും 112 സ്കൂളുകളുടെയും 29 കോളജുകളുടെയും 49 ആശുപത്രികളുടെയും 47 ലൈബ്രറികളുടെയും ആരോഗ്യ, അഗ്രികള്‍ച്ചര്‍, വെറ്ററിനറി തുടങ്ങിയ യൂനിവേഴ്സിറ്റികളുടെയും കെ.എഫ്.ആര്.ഐ, ജോ മത്തായി സെന്റര്‍, സ്കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയ പഠന സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പഠന നഗര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് കോര്പറേഷന് പദ്ധതി.
സംസ്ഥാനതല പഠനനഗര പ്രഖ്യാപനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പുഴക്കൽ ഹയാത്ത് റീജന്‍സിയില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. രാവിലെ ഒമ്പതുമുതല്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. സെമിനാറുകളുടെ ഉദ്ഘാടനം രാവിലെ 10ന് മന്ത്രി കെ. രാജന് നിര്‍വഹിക്കും. പ്രഖ്യാപനശേഷം രൂപപ്പെടുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ എല്ലാവിധ സഹായ സഹകരണങ്ങളും നല്കാന് കേന്ദ്ര-സംസ്ഥാന- ആഗോളതലത്തില്‍ വിവിധ വ്യക്തികളും സ്ഥാപനങ്ങളും ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. പഠനനഗര പ്രഖ്യാപനത്തിന്റെ പോസ്റ്റര്‍ പ്രകാശനം മേയര്‍ എം.കെ. വർഗീസ് നിര്‍വഹിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്ഥിരംസമിതി ചെയർമാന്മാരായ വര്‍ഗീസ് കണ്ടംകുളത്തി, പി.കെ. ഷാജന്, എൻ.എ. ഗോപകുമാർ, കോർപറേഷൻ സെക്രട്ടറി ആർ. രാഹേഷ് കുമാർ, എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ രഞ്ജിനി ഭട്ടതിരിപ്പാട്, കില ഡയറക്ടർ ജോയ് ഇളമൺ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.