തൃശൂർ ബിനി ടൂറിസ്റ്റ് ഹോം ; ടെൻഡർ നടപടികൾക്ക് ഹൈകോടതി അനുമതി
text_fieldsതൃശൂർ: കോർപറേഷൻ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം കരാർ ഹൈകോടതി അംഗീകരിച്ചു. കരാറെടുത്ത ജെനിഷ് നൽകിയ ടെൻഡർ അംഗീകരിച്ച ഹൈകോടതി കെട്ടിട നവീകരണം സാധ്യമാക്കാനുള്ള കോർപറേഷൻ തീരുമാനവും അനുവദിച്ചു. ബിനി ടൂറിസ്റ്റ് ഹോം ടെൻഡർ നടപടിയും മുനിസിപ്പൽ കൗൺസിൽ തീരുമാനങ്ങളെയും ചോദ്യംചെയ്ത് പഴയ ലൈസൻസി ഓമന അശോകനും ബി.ജെ.പി, കോൺഗ്രസ് കൗൺസിലർമാരും നൽകിയ ഹരജികൾ തള്ളിയാണ് നിലവിലെ കരാറുകാരൻ ജനീഷ് അഭിഭാഷകനായ എം.ആർ. ധനിൽ മുഖേന നൽകിയ ഹരജി അംഗീകരിച്ച് ഹൈകോടതി ഉത്തരവായത്.
2020ൽ പഴയ ലൈസൻസി സറണ്ടർ ചെയ്ത ബിനി ടൂറിസ്റ്റ് ഹോം നടത്തിപ്പിനായി പലതവണ കോർപറേഷൻ ടെൻഡർ വിളിച്ചിട്ടും തീരുമാനമായിരുന്നില്ല. 2022ൽ ഓഫർ ടെൻഡർ മുഖേന കരാർ ആയെങ്കിലും, പഴയ കരാറുകാരൻ അവകാശവാദങ്ങൾ ഉന്നയിച്ച് മുന്നോട്ടുവന്നത് വിഷയം സങ്കീർണമാക്കി.
ഏറെ നാളത്തെ വാദത്തിനൊടുവിലാണ് ടെൻഡർ നടപടി നിയമപരമാണെന്ന് ഹൈകോടതി വിലയിരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ടെൻഡർ നടപടികളും അതുസംബന്ധിച്ച മേയറുടെ നടപടികളും കോർപറേഷന്റെ താൽപര്യം സംരക്ഷിക്കുന്നതാണെന്ന് ഹൈകോടതി ഉത്തരവിൽ പരാമർശിച്ചു. പഴയ ലൈസൻസിയുടെ ജനറേറ്ററും ട്രാൻസ്ഫോർമറും നവംബർ 20നകം നീക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
പുതിയ ലൈസൻസിക്ക് ബിനി ടൂറിസ്റ്റ് ഹോം കൈമാറാനും നവീകരണ പ്രവൃത്തികളുമായി കോർപറേഷന് മുന്നോട്ട് പോകാമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് ലൈസൻസി പി.എസ്. ജനീഷ്, അഭിഭാഷകൻ അഡ്വ. എം.ആർ. ധനിൽ സാജു ഡേവിഡ്, റോജി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസം കരാർ നടപടി ദുരൂഹമാണെന്ന് കണ്ടെത്തി തദ്ദേശ ഓംബുഡ്സ്മാൻ ടെൻഡർ നടപടി തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈകോടതിയുടെ ഉത്തരവ് വരുന്നത്.
കോർപറേഷന് അഞ്ചുകോടിയുടെ നഷ്ടമെന്ന് കോൺഗ്രസ്; ഓണാഘോഷത്തിന് തുകയനുവദിക്കാത്തതിൽ പ്രതിഷേധം
തൃശൂർ: ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട് തൃശൂർ കോർപറേഷന് അഞ്ച് കോടിയുടെ സാമ്പത്തിക നഷ്ടം വന്നതായി പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ. കൗൺസിൽ യോഗത്തിലാണ് വിമർശനം. ടെൻഡർ നടപടി നടന്നുകൊണ്ടിരിക്കുമ്പോൾ 10 മാസത്തോളം ഭരണനേതൃത്വത്തിന്റെ അറിവോടെ ഫയൽ ഉദ്യോഗസ്ഥതലത്തിൽ പൂത്തിവെച്ചതായും രാജൻ പല്ലൻ കുറ്റപ്പെടുത്തി.
അമൃത് പദ്ധതി പ്രകാരം രണ്ട് ഫയലുകളിലായി 1.88 കോടിയുടെ മൾട്ടിലെവൽ കാർ പാർക്കിങ് പദ്ധതിക്ക് കൃത്രിമ രേഖയുണ്ടാക്കി കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ചെന്ന് അംഗങ്ങൾ വിമർശിച്ചു. പദ്ധതി പാസാക്കി എടുക്കാനുള്ള നീക്കത്തെ പ്രതിപക്ഷം തടഞ്ഞു. ജനറൽ ആശുപത്രിയിലും കോർപറേഷൻ കോമ്പൗണ്ടിലുമാണ് മൾട്ടിലെവൽ കാർ പാർക്കിങ് നടപ്പാക്കുന്നത്.
നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഏഴ് ലക്ഷം രൂപ കോർപറേഷനെക്കൊണ്ട് വൈദ്യുതി ബിൽ അടപ്പിക്കാനുള്ള ശ്രമവും പ്രതിപക്ഷം എതിർത്തു. വൈദ്യുതി വിഭാഗത്തിൽ 50 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരമാക്കാൻ തീരുമാനിച്ചു.
ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് കൗൺസിൽ അംഗീകരിച്ച തുക നൽകാത്തതിനെതിരെ കോൺഗ്രസ് അംഗങ്ങളായ മുകേഷ് കുളപ്പറമ്പിൽ, ജയപ്രകാശ് പൂവത്തിങ്കൽ എന്നിവർ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അഞ്ച് ഫയലുകളിൽ പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടെങ്കിലും ഫയൽ മാറ്റിവെച്ചതായി മേയർ അറിയിച്ചു.
സ്ഥിരംസമിതി ചെയർമാൻമാരായ ജോൺ ഡാനിയൽ, ലാലി ജെയിംസ്, ഉപനേതാവ് ഇ.വി. സുനിൽരാജ്, കൗൺസിലർമാരായ കെ. രാമനാഥൻ, ജയപ്രകാശ് പൂവ്വത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, എ.കെ. സുരേഷ്, വിനേഷ് തയ്യിൽ, ശ്രീലാൽ ശ്രീധർ, എബി വർഗീസ്, റെജി ജോയ്, സുനിത വിനു, മേഫി ഡെൽസൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.