തൃശൂർ സെൻട്രൽ സഹോദയ കലാമേളക്ക് അരങ്ങുണർന്നു
text_fieldsമാള: പുതിയതായി രൂപീകൃതമായ തൃശൂർ സെൻട്രൽ സഹോദയയുടെ ആദ്യ സി.ബി.എസ്.ഇ കലാമേളക്ക് അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂളിൽ തിരി തെളിഞ്ഞു. മുഖ്യ രക്ഷാധികാരി ഡോ. രാജു ഡേവിസ് പെരേപ്പാടൻ പതാക ഉയർത്തി. സനീഷ് കുമാർ ജോസഫ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. കലാമേള ചെയർമാനും വിജയഗിരി സ്കൂൾ മാനേജരുമായ ഫാ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ചർച്ച് കേരള മഹാ ഇടവക സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. രാജു ഡേവിസ് പെരേപ്പാടൻ, പ്രസിഡന്റ് ഡോ. ജോർജ് കോലഞ്ചേരി, സെക്രട്ടറി പി.എൻ. ഗോപകുമാർ, ട്രഷറർ ഫാ. പി.ജെ. വർഗീസ്, ജനറൽ കൺവീനറും പ്രിൻസിപ്പലുമായ എൻ.എം. ജോർജ്, ബിനു കെ. രാജ്, ജോസ് ജോസഫ് ആലുങ്കൽ എന്നിവർ സംസാരിച്ചു.
26 വരെ 23 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 40 സ്കൂളിൽനിന്ന് 2500ഓളം വിദ്യാർഥികളാണ് മാറ്റുരക്കുന്നത്. ആദ്യ ദിനം 54 ഇനങ്ങളിൽ മത്സരം നടന്നു. നൂറിൽപരം സ്കൂളുകൾ ഉൾപ്പെട്ട തൃശൂർ സഹോദയ കോംപ്ലക്സ് വിഭജിച്ചാണ് ചാലക്കുടി, കൊടുങ്ങല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, കയ്പമംഗലം മണ്ഡലങ്ങളിലെ സ്കൂളുകൾ ചേർത്ത് സെൻട്രൽ സഹോദയക്ക് സി.ബി.എസ്.ഇ അംഗീകാരം നൽകിയത്. 26ന് 5.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വി.ആർ. സുനികുമാർ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്യും. മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്കൂൾസ് സെക്രട്ടറി ഫാ. സാമുവേൽ മാത്യു എന്നിവർ സംബന്ധിക്കും. ഡോ. രാജു ഡേവിസ് പെരേപ്പാടൻ അധ്യക്ഷത വഹിക്കും. കലോത്സവത്തിലെ ഓവറോൾ ചാമ്പ്യന്മാർക്ക് ആറടി ഉയരമുള്ള ട്രോഫി സ്പോൺസർ ചെയ്തത് ഡോ. രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂളും രണ്ടാം സ്ഥാനക്കാർക്ക് ഹോളി ഗ്രേയ്സ് അക്കാദമിയും മൂന്നാം സ്ഥാനക്കാർക്ക് ആതിഥേയരായ വിജയഗിരി പബ്ലിക് സ്കൂളുമാണ്.
പുതുമയോടെ കലോത്സവം
മാള: സെൻട്രൽ സഹോദയുടെ ആദ്യ കലോത്സവം കെട്ടിലും മട്ടിലും മികവുറ്റതാക്കി ആതിഥേയ സ്കൂൾ വിജയഗിരി. ഏക്കറുകണക്കിന് വിശാലമായ സ്കൂൾ കോമ്പൗണ്ടിൽ 23 വേദികളാണ് ഒരുക്കിയത്.
ഔപചാരിക ഉദ്ഘാടനത്തിന്റെ വേദി സ്വാഗതം നൃത്തകൊണ്ട് സദസ്സിനെ കൈയിലെടുത്തത് ആകർഷണീയമായി. അതിഥികളെ വിദ്യാർഥികൾ ബാൻഡ് വാദ്യ മേളങ്ങളോടെ സ്വീകരിച്ചതും വേറിട്ട അനുഭവമായി. ചിട്ടയോടെയും നിഷ്ഠയോടെയും ക്രമവും വ്യവസ്ഥയും പാലിച്ചാണ് മത്സരങ്ങൾ ഓരോന്നും അരങ്ങേറിയത്. രക്ഷാകർത്താക്കളായി എത്തിയവർക്കും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കാൻ സംഘാടകർ ശ്രദ്ധിച്ചിരുന്നു. ഞായറാഴ്ചയാണ് കലോത്സവം സമാപിക്കുക.
പ്രധാന റോഡിൽനിന്ന് ഉള്ളിലേക്ക് മാറിയാണ് സ്ഥാപനം എങ്കിലും നിരവധിപേർ കലോത്സവം കാണാൻ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.