തൃശൂർ കോർപറേഷന് തിരിച്ചടി; ബിനി ടൂറിസ്റ്റ് ഹോം കൈമാറ്റം ഓംബുഡ്സ്മാൻ തടഞ്ഞു
text_fieldsതൃശൂർ: ബിനി ടൂറിസ്റ്റ് ഹോം കൈമാറ്റം തദ്ദേശ ഓംബുഡ്സ്മാൻ തടഞ്ഞു. വ്യാഴാഴ്ച നടന്ന സിറ്റിങ്ങിലാണ് നടപടി സ്റ്റേ ചെയ്ത് ഓംബുഡ്സ്മാൻ വിധി പുറപ്പെടുവിച്ചത്. കോർപറേഷന്റെ നടപടികളിൽ പ്രദമദൃഷ്ട്യാ ദുരൂഹത ദർശിക്കുന്നുവെന്ന് വിലയിരുത്തിയാണ് നടപടി.
നേരത്തെ പരാതി ലഭിച്ചപ്പോൾ ടെൻഡർ, ഓഫർ രേഖകൾ, കൗൺസിലർമാരുടെ വിയോജനകുറിപ്പുകൾ, മറ്റു രേഖകൾ എന്നിവ പരിശോധിച്ച് വിശദമായ റിപ്പോർട് ഫയൽ ചെയ്യാൻ ജില്ല തദ്ദേശ ഭരണ ജോയന്റ് ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ടെൻഡർ നടപടിയിൽ വലിയ ക്രമക്കേട് നടന്നതായി പരാതിയിൽ ആരോപിക്കുന്നു.
ടെൻഡർ പ്രകാരം കോർപറേഷനിൽ കെട്ടിവെയ്ക്കേണ്ട തുക മേയർ കൗൺസിലിന്റെ അംഗീകാരമില്ലാതെ കരാറുകാരന് തവണകളായി അടക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു. മുനിസിപ്പൽ ആക്ട് പ്രകാരം മേയർ തന്റെ അധികാരപരിധി ലംഘിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കരാറുകാരൻ ടെൻഡർ ലഭിച്ചിട്ടും മൂന്ന് മാസം കഴിഞ്ഞാണ് മുഴുവൻ തുകയും അടച്ചത്. ഇത് നിയമലംഘനമാണ്. ടെൻഡർ വ്യവസ്ഥകൾ പ്രകാരം നൽകേണ്ട ബാങ്ക് ഗാരന്റി കരാറുകാരൻ കോർപറേഷനിൽ നൽകിയിരുന്നില്ല.
ടെൻഡറിൽ പങ്കെടുത്ത വ്യക്തിക്ക് പകരം മറ്റൊരു കമ്പനി പണം അടച്ചതിലും ക്രമക്കേടുണ്ട്. ടെൻഡറും തുടർ നടപടികളും സംശയമുണ്ടാക്കുന്നതാണെന്നും റസ്റ്റ്ഹൗസിന്റെ സൂക്ഷിപ്പുകാരനായ കോർപറേഷൻ സെക്രട്ടറിയും നടപടികളിൽ ഗുരുതരമായ വീഴ്ച വരുത്തി.
ഇരുവിഭാഗവും തമ്മിൽ കരാർ ഒപ്പിടും മുമ്പേ സെക്രട്ടറി കരാറുകാരന് റസ്റ്റ് ഹൗസിന്റെ താക്കോൽ കൈമാറി, റസ്റ്റ്ഹൗസ് കെട്ടിടം അനധികൃതമായി പൊളിക്കുന്നതിന് കരാറുകാരന് ഈ നടപടി സഹായകമായതായും പരാതിയിൽ പറയുന്നു.
പ്രാഥമിക വാദം കേട്ടും രേഖകൾ പരിശോധിച്ചുമാണ് നടപടികളിൽ അസ്വാഭാവികതയുണ്ടെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയത്. തുടർന്നായിരുന്നു കൈമാറ്റ നടപടികൾ തടഞ്ഞത്. കേസ് വീണ്ടും 2024 ഫെബ്രുവരി ഒമ്പതിന് പരിഗണിക്കും. അഡ്വ. പ്രമോദ് ആണ് പരാതി നൽകിയിരുന്നത്.
കോർപറേഷനുവേണ്ടി സെക്രട്ടറി സുർജിത്, മേയർക്ക് വേണ്ടി അഡ്വ. നീതു എന്നിവർ ഹാജരായി. ബിനി ടൂറിസ്റ്റ് ഹോം കരാർ വിവാദം കൗൺസിലിലും പുറത്തും സി.പി.എമ്മിനെതിരെ കോൺഗ്രസും ബി.ജെ.പിയും വൻ പ്രതിഷേധങ്ങളുയർത്തിയിരുന്നു.
ഇതിനിടെ, ബിനി ടൂറിസ്റ്റ് ഹോമിലെ കരാറുകാരൻ നടത്തിയിരുന്ന പുഴക്കലിലെ വെഡിങ് വില്ലേജിന്റെ പ്രവർത്തനം കോർപറേഷൻ പൂർണമായും നിർത്തിച്ചു. ബിൽഡിങ് പെർമിറ്റ്, കോർപറേഷൻ ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളൊന്നും ഇല്ലാതെയും അനധികൃതമായി നിലം നികത്തിയും താൽക്കാലികമായി നിർമിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് നിയമവിരുദ്ധമായി സ്ഥാപനം പ്രവർത്തിക്കുന്നുവെന്നും നിർത്തലാക്കാൻ കോർപറേഷന് നിർദേശവും നൽകി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിധി വന്ന് മാസങ്ങളായിട്ടും തുടർ നടപടി ഇല്ലാത്തതിനെ തുടർന്ന് ബി.ജെ.പി പ്രതിഷേധത്തിലേക്ക് കടക്കാനിരിക്കെ കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.