തൃശൂർ കോർപറേഷൻ ബജറ്റ്: ഭൂമിയില്ലാത്തവർക്ക് ഭൂമി; ഭൂമിയുള്ള ഭവന രഹിതർക്ക് വീട്
text_fieldsഡെപ്യൂട്ടി മേയർ എം.എൽ. റോസി കോർപറേഷൻ ബജറ്റ് അവതരിപ്പിക്കുമ്പോൾ ബജറ്റ് കീറി വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ, മേയർ എം.കെ. വർഗീസ് സമീപം (ടി.എച്ച്. ജദീർ)
തൃശൂർ: സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമിയും രണ്ട് സെന്റെങ്കിലും ഭൂമിയുള്ളവർക്ക് വീട് നിർമിക്കാൻ ധനസഹായവും അനുവദിക്കാൻ 25 കോടി രൂപ വകയിരുത്തിയത് ഉൾപ്പെടെ പ്രഖ്യാപനങ്ങളുമായി തൃശൂർ കോർപറേഷൻ ഭരണസമിതിയുടെ അവസാന ബജറ്റ് ഡെപ്യൂട്ടി മേയർ എം.എൽ. റോസി അവതരിപ്പിച്ചു. ബജറ്റിൽ വിവിധ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഭൂമി വാങ്ങാൻ 10 കോടി രൂപയും ഫ്ലാറ്റ് നിർമാണത്തിന് അഞ്ച് കോടിയും വീട് നിർമാണത്തിന് 10 കോടിയുമാണ് നീക്കിവെച്ചിരിക്കുന്നത്. കുരിയച്ചിറയിലും ചിയ്യാരത്തുമാണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. കോർപറേഷൻ കെട്ടിടങ്ങൾ വാടകക്ക് എടുത്ത 2400ഓളം പേരുടെ ആറ് മാസത്തെ വാടക രജത ജൂബിലി വർഷത്തിന്റെ ഭാഗമായി ഒഴിവാക്കും. അഞ്ച് ശതമാനം വെള്ളക്കരം സബ്സിഡി നൽകും. 7600 പേർക്ക് 7.5 ശതമാനം സൗരോർജ സബ്സിഡി നൽകാൻ അഞ്ച് കോടി രൂപ വകയിരുത്തി.
കോർപറേഷൻ പരിധിയിലെ നിർധനരായ ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്തിക്കൊടുക്കും. ഇതിന് അഞ്ച് കോടി രൂപ നീക്കിവെച്ചു. 500 പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം നൽകാൻ അഞ്ച് കോടി രൂപ വകയിരുത്തി. 10,000 സൗജന്യ കുടിവെള്ള കണക്ഷൻ നൽകും.
ഇതിന് 19 കോടി രൂപയാണ് വിഹിതം. റോഡുകൾ, പാലങ്ങൾ എന്നിവക്ക് 55 ഡിവിഷനും 75 ലക്ഷം രൂപ വീതം മാറ്റിവെച്ചു. അടുത്ത സാമ്പത്തിക വർഷം പ്രധാന റോഡുകൾ ബി.എം ബി.സി രീതിയിൽ നിർമിക്കാൻ 20 കോടിയും റെയിൽവേ സ്റ്റേഷൻ-കെ.എസ്.ആർ.ടി.സി-ശക്തൻ എലവേറ്റഡ് വാക്കലേറ്റർ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ 15 കോടിയും അനുവദിച്ചു. ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ഡൽഹിയിലും മറ്റുമുള്ള ഈ സംവിധാനം കെ.എസ്.ആർ.ടി.സിയുടെയും റെയിൽവേയുടെയും അംഗീകാരത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇക്കോ ടൂറിസത്തിന് അഞ്ച് കോടി, ലൈറ്റ് ഫോർ ലൈഫിന് 10 കോടി, ടാഗോർ സെന്റിനറി മോടിയാക്കാൻ 10 കോടി, ചെമ്പുക്കാവ് ഷോപ്പിങ് കോംപ്ലക്സിന് 50 ലക്ഷം, ഒല്ലൂർ ജങ്ഷൻ വികസനത്തിനും കച്ചവടക്കാരുടെ പുനരധിവാസത്തിനും 10 കോടി എന്നിങ്ങനെ അനുവദിച്ചു. ലാലൂരിൽ കോൺക്രീറ്റ് സ്മോൾ ക്രിമറ്റോറിയം നിർമാണത്തിന് ഒരു കോടി രൂപ നൽകും. ലാലൂരിലെ ഐ.എം. വിജയൻ സ്പോർട്സ് കോംപ്ലക്സ് നിർമാണം പൂർത്തിയാക്കാൻ അഞ്ച് കോടി രൂപ വകയിരുത്തി.
എം.ജി റോഡ് വികസനത്തിന് 10 കോടിയും മാറ്റാംപുറത്ത് ടൗൺഷിപ്പിന് അഞ്ച് കോടിയും നീക്കിവെച്ചു. മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം പൂർത്തിയാക്കാൻ 15 ലക്ഷം നൽകും. ശക്തൻ നഗർ വികസനത്തിന് 12 കോടി, ജങ്ഷൻ വികസനത്തിന് ഒരു കോടി, കുരിയച്ചിറയിൽ ആധുനിക അറവുശാല നിർമാണത്തിന് 15 കോടി, എം.എൽ.ഡി സീവറേജ് പ്ലാന്റ് സ്ഥാപിക്കാൻ 60 കോടി എന്നിങ്ങനെ തുക അനുവദിച്ചിട്ടുണ്ട്.
രോഗീസൗഹൃദ ആരോഗ്യ പരിപാലനത്തിന് 30 കോടി രൂപയാണ് അനുവദിച്ചത്. കോർപറേഷൻ ജനറൽ ആശുപത്രിക്ക് ഏഴ് കോടി രൂപ നൽകും. വിദ്യാഭ്യാസം-കായികം മേഖലക്ക് 22 കോടി, ലേണിങ് സിറ്റിക്ക് 15 കോടി, ലഹരി വിരുദ്ധ കാമ്പയിന് 50 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് 15 കോടി എന്നിങ്ങനെ നീക്കിവെച്ചു.
ഉൽപാദന മേഖലക്ക് 35 കോടിയും കാർഷിക മേഖലക്ക് 20.5 കോടിയുമുണ്ട്. 1215, 70,17,000 രൂപ വരവും 18,59,41,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. മേയർ എം.കെ. വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബജറ്റിന്മേൽ ചർച്ച വ്യാഴാഴ്ച നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.