തൃശൂർ; കോർപറേഷൻ ബജറ്റ് ചർച്ച ആറു മണിക്കൂർ, ആഞ്ഞടിച്ച് പ്രതിപക്ഷം
text_fieldsതൃശൂർ: കോർപറേഷൻ ബജറ്റ് ചർച്ചയിൽ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷത്തിന്റെ വിമർശനം. ആറു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ സ്വന്തം അംഗങ്ങളുടെ വിട്ടുനിൽക്കലിലും ഭരണപക്ഷം വെള്ളം കുടിച്ചു. ഭരണപക്ഷത്തെ ജനതാദൾ അംഗം ഷീബ ബാബു, സ്വതന്ത്ര അംഗം സി.പി. പോളി, സി.പി.എം അംഗം പി. സുകുമാരൻ എന്നിവർ വിട്ടു നിന്നപ്പോൾ ചർച്ച തുടങ്ങി അരമണിക്കൂർ പിന്നിടുമ്പോൾ ഭരണപക്ഷത്തെ 25ൽ അവശേഷിച്ചത് 13പേർ മാത്രമായിരുന്നു. സി.പി.എം അംഗങ്ങളടക്കമുള്ള കൗൺസിലർമാർ ചർച്ച പകുതിയാവും മുമ്പ് തന്നെ ഹാൾ വിട്ടു. രാവിലെ 11ഓടെ ആരംഭിച്ച ചർച്ച വൈകീട്ട് ആറരയോടെയാണ് അവസാനിച്ചത്. ചർച്ചകൾക്കൊടുവിൽ ജനറൽ, വൈദ്യുതി ബജറ്റുകൾ അംഗീകരിച്ചതായി മേയർ അറിയിച്ചു. കോർപറേഷന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് ചർച്ചയിൽ പ്രതിപക്ഷകക്ഷി നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.
പദ്ധതി വിഹിതമായി 77 കോടി, അമൃതം പദ്ധതി 521, ജീവനക്കാർക്ക് പെൻഷൻ കൊടുത്ത വകയിൽ കിട്ടാൻ 68 കോടി, പരസ്യ പെർമിറ്റ് പിരിക്കാത്ത വകയിൽ ലഭിക്കാൻ 20 കോടി, കോർപറേഷന്റെ തനത് ഫണ്ട് വരവ് 97 കോടി എന്നിങ്ങനെ തുക ലഭിച്ചിട്ടും പിന്നെ എന്തിനാണ് 200 കോടി രൂപ വായ്പയെടുക്കുന്നതെന്ന് രാജൻ ചോദിച്ചു. മുൻ മുഖ്യമന്ത്രിമാരായ സി. അച്യുതമേനോൻ, ഉമ്മൻ ചാണ്ടി എന്നിവരുടെ പ്രതിമ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയേൽ, ലാലീ ജെയിംസ്, ഉപ നേതാവ് ഇ.വി. സുനിൽരാജ്, കൗൺസിലർമാരായ കെ. രാമനാഥൻ, ജയപ്രകാശ് പൂവ്വത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, വിനേഷ് തയിൽ എന്നിവർ സംസാരിച്ചു. വികസനം നടന്നത് കേന്ദ്രസർക്കാർ ഫണ്ടുകൊണ്ടാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു. എം.ജി റോഡ് വികസനം എത്രയും പെട്ടെന്ന് നടപ്പാക്കണെമന്ന് പൂർണിമ സുരേഷ് ആവശ്യപ്പെട്ടു. എൻ. പ്രസാദ്, ഡോ. ആതിര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.