തൃശൂർ കോർപറേഷൻ ഭരണപക്ഷത്ത് പൊട്ടിത്തെറി; രാജി പ്രഖ്യാപിച്ച് ഡി.പി.സി അംഗം
text_fieldsതൃശൂര്‍: കോർപറേഷൻ ഭരണപക്ഷത്തെ ഭിന്നത പൊട്ടിത്തെറിയിലേക്ക്. വഞ്ചിക്കുളം ടൂറിസം പദ്ധതിയെച്ചൊല്ലി ഔദ്യോഗിക ഗ്രൂപ്പിൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെ ജില്ല ആസൂത്രണ സമിതി അംഗത്വം രാജിവെക്കുകയാണെന്ന് ഭരണപക്ഷ കൗണ്‍സിലര്‍ സി.പി. പോളി പ്രഖ്യാപിച്ചത് ഇടതുപക്ഷത്തെ ഞെട്ടിച്ചു.
ഡി.പി.സി അംഗത്വം രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പോളിയുടെ വാട്സ്ആപ് ശബ്ദസന്ദേശം കൗണ്‍സിലര്‍മാര്‍ക്ക് അയച്ചുകൊടുത്തു. വ്യാഴാഴ്ച കലക്ടർക്കും സെക്രട്ടറിക്കും ഔദ്യോഗികമായി രാജി നൽകുമെന്ന് സന്ദേശത്തിൽ പറയുന്നു. ശബ്ദസന്ദേശം പുറത്തുവന്നതിൽ സി.പി.എമ്മിന് അതൃപ്തിയുണ്ട്. മാലിന്യം നിറഞ്ഞ വഞ്ചിക്കുളത്ത് ഇവ നീക്കാതെ കോടികള്‍ ചെലവിട്ട് ടൂറിസം പദ്ധതി നടപ്പാക്കുന്നതിനെതിരെ സി.പി. പോളിയടക്കം ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍, ഈ അഭിപ്രായങ്ങൾ പരിഗണിക്കാതെ മേയര്‍ എം.കെ. വര്‍ഗീസും സി.പി.എം നേതാക്കളും വഞ്ചിക്കുളം പദ്ധതിയുമായി മുന്നോട്ടുപോയതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. ആശങ്ക പരിശോധിക്കാതെ സ്വാതന്ത്ര്യ ദിനത്തിൽ വഞ്ചിക്കുളത്ത് ബോട്ടിങ് ട്രയല്‍ റണും നടത്തി. ഇതിൽനിന്ന് വിട്ടുനിന്ന് പോളി പ്രതിഷേധം അറിയിച്ചു.
തൈക്കാട്ടുശ്ശേരിയില്‍ സി.പി.എം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സി.പി. പോളി എല്‍.ഡി.എഫിന്‍റെ പിന്തുണയോടെയാണ് ഡി.പി.സി അംഗമായത്. ഭരണപക്ഷ കൗണ്‍സിലര്‍മാരായ പി. സുകുമാരന്‍, ഷീബ ബാബു എന്നിവരും വഞ്ചിക്കുളം പദ്ധതിയില്‍ അതൃപ്തി അറിയിച്ചിരുന്നു. തന്നെ അവഗണിക്കുന്ന കാര്യം പോളി നേരത്തേയും ഉന്നയിച്ചിരുന്നു. നേരത്തേ മേയർക്കെതിരായ കോൺഗ്രസിന്‍റെ അവിശ്വാസത്തിന് കാരണമായത് പോളിയുടെ അമർഷം തന്നെയാണ്. എന്നാൽ, സി.പി.എം ഇടപെടലോടെ ഇത് പൊളിഞ്ഞു. ഇതിനുശേഷം സി.പി.എം നേതൃത്വവുമായി പോളി അകൽച്ചയിലുമായിരുന്നു.
55 അംഗ കൗൺസിലിൽ നെട്ടിശ്ശേരിയില്‍നിന്ന് സ്വതന്ത്രനായി മത്സരിച്ച മേയര്‍ എം.കെ. വര്‍ഗീസ് അടക്കം ഇപ്പോള്‍ 25 കൗണ്‍സിലര്‍മാരാണ് ഭരണപക്ഷത്തുള്ളത്. യു.ഡി.എഫിന് 24 കൗണ്‍സിലര്‍മാരും ബി.ജെ.പിക്ക് ആറ് കൗണ്‍സിലര്‍മാരുമുണ്ട്. പോളിയുടെ രാജി പ്രഖ്യാപനം മുതലെടുക്കാനാണ് കോൺഗ്രസ് നീക്കം. സി.പി. പോളി പ്രതിപക്ഷത്തേക്ക് മാറിയാല്‍ ഭരണപക്ഷമായ എല്‍.ഡി.എഫിലെ കൗണ്‍സിലര്‍മാരുടെ എണ്ണം 24 ആകും. ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പാസാകാന്‍ 28 പേരുടെ പിന്തുണ വേണം.
വഞ്ചിക്കുളത്തെ തൃശൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തൃശൂര്‍ കോര്‍പറേഷനും ഡി.ടി.പി.സിയും ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, കോര്‍പറേഷനിലെ പ്രധാന അഴുക്കുചാലുകളില്‍നിന്ന് വഞ്ചിക്കുളത്തേക്കും ബന്ധപ്പെട്ടുകിടക്കുന്ന കെ.എല്‍.ഡി.സി കനാലിലേക്കും മലിനജലം ഒഴുകിയെത്തുന്നത് പദ്ധതി സംബന്ധിച്ച് കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിന് കാരണമായി. വഞ്ചിക്കുളത്തിനോട് ചേര്‍ന്ന് കോടികള്‍ ചെലവിട്ട് മലിനജല ശുദ്ധീകരണ പ്ലാന്‍റ് വരുമെന്ന് മുന്‍ എല്‍.ഡി.എഫ് ഭരണസമിതി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, പ്ലാന്‍റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല.
മാസ്റ്റർ പ്ലാനിൽ വ്യാജ ഒപ്പെന്ന്; മുൻ മേയർക്കെതിരെ പരാതി
തൃശൂർ: കോർപറേഷൻ മാസ്റ്റർ പ്ലാൻ വിവാദം നിയമ നടപടികളിലേക്ക്. മാസ്റ്റർ പ്ലാനിൽ പദവികളിലില്ലാതിരിക്കെ മുൻ മേയർ അജിത വിജയൻ ഒപ്പുവെച്ചതായി കാണിച്ച് തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി.
2021 ഫെബ്രുവരി 20ന് സർക്കാർ ഇറക്കിയ മാസ്റ്റർ പ്ലാൻ മാപ്പിലും മറ്റു രേഖകളിലും കൗൺസിലർ പോലുമല്ലാതിരിക്കെ 'മേയർ പദവി'യിൽ അജിത വിജയൻ ഒപ്പുവെച്ചത് ക്രിമിനൽ കുറ്റമാണെന്നും, വ്യാജ ഒപ്പ് ഇട്ടവർക്കെതിരെ അന്വേഷണം നടത്തി കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് അരണാട്ടുകര സ്വദേശി ജോസ് വിൻ ജെ. നെല്ലിശ്ശേരിയാണ് പരാതി നൽകിയത്.
പൊലീസ് ആവശ്യപ്പെടുന്ന മുറക്ക് വ്യാജ ഒപ്പിട്ട രേഖകൾ പൊലീസിന് കൈമാറുമെന്ന് പരാതിക്കാരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.