തൃശൂർ കോർപറേഷനിലെ ചളിവെള്ള വിതരണം: മനുഷ്യാവകാശ കമീഷനിൽ പരാതി
text_fieldsതൃശൂർ: കോർപറേഷൻ പരിധിയിൽ ചളിവെള്ളം കലർന്ന കുടിവെള്ളം വിതരണം ചെയ്യുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമീഷന് പരാതി. കോർപറേഷൻ നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കെ.പി.സി.സി സെക്രട്ടറിയുമായ ജോൺ ഡാനിയേലാണ് പരാതി നൽകിയത്. ചളിവെള്ളത്തിെൻറ വിഡിയോയും ഫോട്ടോകളും സഹിതം ഇ-മെയിൽ, വാട്സ്ആപ് വഴിയാണ് പരാതി അയച്ചത്. കോർപറേഷൻ വിതരണം ചെയ്യുന്ന കുടിവെള്ളം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
കേരളത്തിൽ കുടിവെള്ള വിതരണം നടത്തുന്ന ഏക തദ്ദേശ സ്ഥാപനമാണ് കോർപറേഷൻ. മാസങ്ങളായി പൈപ്പിലൂടെ ലഭിക്കുന്ന കുടിവെള്ളം ചളി കലർന്ന് മലിനമായതാണ്.
നഗരത്തിലെ എല്ലാ പ്രദേശത്തും ഇതുതന്നെയാണ് സ്ഥിതി. മാസങ്ങളായി കൗൺസിലിൽ കുടിവെള്ള വിഷയം പ്രധാന ചർച്ചയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന കൗൺസിലിൽ വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധം സംഘർഷത്തിലേക്ക് മാറിയിരുന്നു. പുറത്തേക്കിറങ്ങിയ മേയറുടെ കാറിന് മുന്നിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിക്കുന്നതിനിടെ കാർ മുന്നിലേക്കെടുത്തത് കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷം പൊലീസിൽ പരാതി നൽകിയിരുന്നു. കൗൺസിൽ യോഗത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും പൊതുമുതൽ നശിപ്പിച്ചുവെന്നും കാണിച്ച് മേയറും പരാതി നൽകിയതോടെ ഇരു കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. 12ന് നടക്കുന്ന കൗൺസിൽ യോഗത്തിലും വിഷയമുയർത്തി പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.