‘കൊലക്കുഴി’ മൂടാൻ തൃശൂർ കോർപറേഷന് നിസ്സംഗത
text_fieldsതൃശൂർ: നഗരത്തിൽ എം.ജി റോഡിൽ ബൈക്ക് യാത്രികയുടെ ജീവനെടുത്ത കുഴി ഇനിയും മൂടിയില്ല. ഇക്കഴിഞ്ഞ സെപ്റ്റംബർ 13നാണ് നഗരത്തിലെ തിരക്കേറിയ എം.ജി റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികയായ കുടുംബനാഥ മരിച്ചത്. അപകടത്തിന് പിന്നാലെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധ പരിപാടികളുണ്ടായെങ്കിലും പിന്നീടൊന്നുമുണ്ടായില്ല.
ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെയും ‘കൊലക്കുഴി’ മൂടിയിട്ടുമില്ല. അപകടം നടന്ന കുഴിയിൽ ഇപ്പോൾ നിറയെ ഉരുളൻ കല്ലുകളാണ്. കുഴിയുടെ ആഴവും വിസ്താരവും വീണ്ടും കൂടി. അപകടക്കുഴി മൂടാത്തതിൽ ടൂവീലർ യൂസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.
മരണത്തിലേക്ക് വാ തുറന്ന് അപകടക്കുഴി അടുത്ത ഇരയെ കാത്തിരിക്കുന്നുണ്ട്. മന്ത്രിമാരും എം.എൽ.എമാരും മേയറും കൗൺസിലർമാരും ഉദ്യോഗസ്ഥരും നിരവധി തവണ ഈ വഴിയിൽ കൂടി കടന്നുപോയിട്ടും കുഴി കാണുന്നില്ല.
അപകടത്തെ തുടർന്ന് പൊലീസിന്റെ ട്രാഫിക് ബാരിക്കേഡ് സമീപത്ത് വെച്ചിരുന്നെങ്കിലും ഇപ്പോൾ അത് കുഴിയുടെ അരികിൽനിന്ന് മാറ്റിവെച്ച നിലയിലാണ്. അധികാരികൾ അനുമതി നൽകിയാൽ 24 മണിക്കൂറിനകം കുഴി മൂടാൻ തയാറാണെന്ന് അസോസിയേഷൻ അറിയിച്ചു. നഗരഹൃദയത്തിലെ പല റോഡുകളുടെയും അവസ്ഥ അപകടകരമാണ്.
പ്രധാന റോഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരും മൈബൈൽ നമ്പറുമുള്ള ബോർഡുകൾ റോഡുകളിൽ സ്ഥാപിക്കുകയും ആരുടെയെങ്കിലും ഭാഗത്ത് നിന്നുള്ള അനാസ്ഥ കൊണ്ട് റോഡിൽ അപകടം ഉണ്ടായാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ടൂവീലർ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ചെയർമാൻ ജെയിംസ് മുട്ടിക്കൽ അധ്യക്ഷത വഹിച്ചു. വി. ഗോപകുമാർ, സജി ആറ്റത്ര, വിൽസൺ പി. ജോൺ, കെ.എസ്. ശിവരാമൻ, ടി.എസ്. സന്തോഷ്, ജോണി പുല്ലോക്കാരൻ, കെ.സി. കാർത്തികേയൻ, മുരുഗൻ വെട്ടിയാറ്റിൽ, സി. വിരംഗനാഥൻ, പി.ആർ. ഹരിദാസ്, മുരളി, കെ. മോഹൻദാസ്, അനിയൻ കൊടകര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.