സി.പി.എം സമ്മേളനങ്ങളിലേക്ക്; ചർച്ചയിൽ ആളിക്കത്താൻ കരുവന്നൂർ
text_fieldsതൃശൂർ: സി.പി.എം ജില്ല സമ്മേളനം അടുത്തവർഷം ജനുവരി 21 മുതൽ 23 വരെ തൃശൂരിൽ നടക്കും. ഇതിെൻറ ഭാഗമായുള്ള ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങളുടെ തീയതികൾ തീരുമാനിച്ചു. തുടർഭരണവും ജില്ലയിലെ നേട്ടവും സമ്മേളനത്തിനെ ആഹ്ലാദത്തിലാക്കുന്നതാണെങ്കിലും ചർച്ചയിൽ തീ പിടിക്കുക കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് തന്നെയാവും. സമ്മേളന തീയതികൾ തീരുമാനിച്ച ജില്ല കമ്മിറ്റിയിലും നേതാക്കളിൽനിന്ന് തന്നെ ഇതുസംബന്ധിച്ച് അഭിപ്രായമുയർന്നു. സർക്കാറിനെയും പാർട്ടിയെയും ഗുരുതര പ്രതിസന്ധിയിലാക്കിയ തട്ടിപ്പ് കേസിൽ വിഷയമറിഞ്ഞിട്ടും ഫലപ്രദമായി പ്രശ്നം പരിഹരിക്കാതിരുന്നതിലൂടെ മുതിർന്ന നേതാക്കളുടെ ഗുരുതര വീഴ്ചയായി സമ്മേളനങ്ങൾ മാറുമെന്നാണ് നേതൃത്വം തന്നെ വിലയിരുത്തുന്നത്.
പ്രശ്ന പരിഹാര നടപടികളിൽ വീഴ്ച വരുത്തിയതിന് മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായിരുന്ന ഇരിങ്ങാലക്കുടയിലെ മുതിർന്ന നേതാവ് സി.കെ. ചന്ദ്രനെയടക്കം പുറത്താക്കിയുള്ള നടപടിയെടുത്തെങ്കിലും ഇരിങ്ങാലക്കുട കരുവന്നൂർ മേഖലയിലെ പാർട്ടിക്കുള്ളിലെ അമർഷം ഒതുങ്ങിയിട്ടില്ല. കീഴ്ഘടങ്ങളിലെ നേതാക്കളെയും പ്രവർത്തകരെയും ബലിയാടുകളാക്കിയെന്ന വിമർശനവും കൂട്ടരാജിയും ഇവിടെ തുടരുകയാണ്. മാസങ്ങളായിട്ടും കരുവന്നൂർ ഇപ്പോഴും സജീവ ചർച്ചയാണ്. ഇതിനിടയിലാണ് പാർട്ടി സമ്മേളനങ്ങളും വരുന്നത്. സെപ്റ്റംബർ 15 മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങും. ഒക്ടോബർ 15 മുതൽ ലോക്കൽ സമ്മേളനങ്ങളും നവംബർ 15 മുതൽ ഏരിയ സമ്മേളനങ്ങളും നടക്കും. ഡിസംബർ 15നകം ഏരിയ സമ്മേളനങ്ങൾ പൂർത്തിയാവും. ജില്ല സമ്മേളനത്തിന് വേദിയാവുന്ന തൃശൂർ ഏരിയ കമ്മിറ്റിയുടെ സമ്മേളനമാണ് ഏരിയ സമ്മേളനങ്ങളിൽ ആദ്യം.
രണ്ട് ദിവസങ്ങളിലായിട്ടാണ് ഏരിയ സമ്മേളനങ്ങൾ. നവംബർ 15നാണ് തൃശൂർ ഏരിയ സമ്മേളനം. മണലൂർ-18,19, മാള-18,19, ഒല്ലൂർ-18,19, ചാവക്കാട്-21, 22, ചേർപ്പ്-21, 22, കൊടുങ്ങല്ലൂർ-21, 22, ചേലക്കര-24, 25, ചാലക്കുടി-24, 25, മണ്ണുത്തി-24, 25, വടക്കാഞ്ചേരി -27, 28, കൊടകര-27, 28, നാട്ടിക-27, 28, കുന്നംകുളം, ഇരിങ്ങാലക്കുട, പുഴക്കൽ ഏരിയകളുടെ സമ്മേളനം നവംബർ -30, ഡിസംബർ ഒന്ന് തീയതികളിലും നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തും. ഓൺലൈനായി വെബിനാർ, വെർച്വൽ പൊതുയോഗങ്ങൾ, എക്സിബിഷൻ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
75 വയസ്സ് വരെയെന്ന പ്രായപരിധി നടപ്പാക്കുന്നതാണ് ഇത്തവണത്തെ സമ്മേളനങ്ങൾ. എല്ലാ ഘടകങ്ങളിലും വനിത-ദലിത് പ്രാതിനിധ്യങ്ങളും യുവാക്കളും ഉൾപ്പെടണമെന്നാണ് നിർദേശം. ആരോഗ്യ പ്രശ്നങ്ങളും പ്രായാധിക്യങ്ങളും സംഘടന പ്രവർത്തനത്തിന് പരിമിതികളുള്ള നേതാക്കളും മുതിർന്ന നേതാക്കളും പുതുമുഖങ്ങൾക്കായി മാറി നിൽക്കണമെന്നും നിർദേശമുണ്ട്. മാത്രമല്ല, പെരുമാറ്റവും സ്വഭാവ ദൂഷ്യങ്ങളും ആക്ഷേപങ്ങളും പരാതികളുമായും ഉയർന്നിട്ടുള്ളവരെയും ഘടകങ്ങളിൽ നിന്നു മാറ്റണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.