നീണ്ട് നീണ്ട് തൃശൂർ ഡി.സി.സി പ്രസിഡൻറ് നിയമനം
text_fieldsതൃശൂർ: തൃശൂർ ഡി.സി.സിക്ക് ഉടൻ പ്രസിഡൻറിനെ നിയമിക്കുമെന്നും, നിയുക്ത പ്രസിഡൻറായി മുൻ എം.എൽ.എയെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുവെങ്കിലും നിയമനം ഇനിയും അകലെ. ഏറ്റവും ഒടുവിലായിരുന്നു കഴിഞ്ഞയാഴ്ച നിയമിക്കുമെന്ന്.
എന്നാൽ 'നിയുക്ത'യിൽ കുടുങ്ങിക്കിടക്കുകയാണ് ഡി.സി.സി പ്രസിഡൻറ് നിയമനം. മുൻ എം.എൽ.എയുടെ പേര് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഏകകണ്ഠമായി അംഗീകരിച്ച് എ.ഐ.സി.സിക്ക് അയച്ചുവെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല.
അധ്യക്ഷ സോണിയാഗാന്ധി ഒപ്പു വെച്ചിട്ടില്ലെന്നാണ് കാരണമായി പറയുന്നതെങ്കിലും മുതിർന്ന നേതാക്കൾ ഉടക്കു വെച്ചതാണ് കാരണമെന്ന് നേതാക്കൾ തന്നെ സൂചിപ്പിക്കുന്നു.
ഐ ഗ്രൂപ്പിെൻറ കൈവശത്തിലുണ്ടായിരുന്ന ഡി.സി.സി പിന്നീട് എ ഗ്രൂപ്പിന് പോയിരുന്നു. ഇത് പ്രതാപനിലൂടെ ഗ്രൂപ്പുകൾക്കതീതമായി മാറിയെങ്കിലും ഇരുഗ്രൂപ്പുകളുടെയും അവകാശവാദത്തിലായിരുന്നു.
2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജൂൺ 25ന് പ്രതാപൻ സ്ഥാനം രാജി വെച്ചിരുന്നു. നേതൃത്വത്തിെൻറ നിർദേശപ്രകാരം തുടരുകയായിരുന്നുവെങ്കിലും ഡി.സി.സിയുടെ പ്രവർത്തനം തകരാറിലായിരുന്നു.
ഇതോടെ നാഥനില്ലാതായിട്ട് ഒരു വർഷമെത്തുമ്പോൾ കോവിഡ് കാലത്ത് എ.ഐ.സി.സി ഭാരവാഹികളായ പത്മജ വേണുഗോപാലിനും ഒ. അബ്ദുറഹിമാൻകുട്ടിക്കും ചുമതല നൽകി നിയമനം നടത്തിയത്. നിയമനം ഏറെ വിവാദത്തിലാവുകയും ചെയ്തു. ഇതിനിടയിലായിരുന്നു ഉടൻ നിയമിക്കുമെന്ന് നേതാക്കൾ അറിയിച്ചത്.
എ, ഐ ഗ്രൂപ്പുകളെ വെട്ടി കെ.സി. വേണുഗോപാൽ ജില്ല ഏറ്റെടുത്തപ്പോഴാണ് മുൻ എം.എൽ.എയുടെ പേര് സ്ഥാനത്തേക്ക് ഉയർന്നത്. ഇതോടെ ജില്ലയിലെ ഗ്രൂപ്പുകളിലും വിള്ളൽ വീണു. ഐ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളടക്കമുള്ളവരിൽ പലരും വേണുഗോപാൽ പക്ഷത്തേക്ക് ചാഞ്ഞു.
എന്നാൽ ആരോപണ വിധേയനെന്നും, വിട്ടു കൊടുക്കാനാവില്ലെന്നും ആദ്യം നിലപാടെടുത്ത രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പിന്നീട് ഹൈകമാൻഡിലെ കെ.സി. വേണുഗോപാലിെൻറ ബലത്തിൽ വഴങ്ങുകയായിരുന്നു. ഇതിനിടെ ജില്ലയിൽ കോൺഗ്രസിൽ നിന്നുള്ള കൂട്ടക്കൊഴിഞ്ഞു പോക്ക് തുടരുകയാണ്.
പെരിഞ്ഞനം, വാടാനപ്പള്ളി, അന്തിക്കാട്, കടവല്ലൂർ, വടക്കാഞ്ചേരി എന്നിവക്ക് പിന്നാലെ ഞായറാഴ്ച അവണൂർ പഞ്ചായത്തിൽ നിന്നും ബൂത്ത് പ്രസിഡൻറ് അടക്കമുള്ള സജീവ പ്രവർത്തകർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.