തൃശൂരിലെ തോല്‍വി: കെ.പി.സി.സി ഉപസമിതി തെളിവെടുത്തു
text_fieldsതൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തോല്‍വി അന്വേഷിക്കുന്ന കെ.പി.സി.സി സമിതി തൃശൂര്‍ ഡി.സി.സി ഓഫിസില്‍ സിറ്റിങ് നടത്തി. കെ.സി. ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ രണ്ടാമത്തെ സിറ്റിങ്ങായിരുന്നു.
തോല്‍വിക്ക് പിന്നാലെ ചേരിതിരിഞ്ഞ് പോസ്റ്റര്‍ പോരും ഡി.സി.സി ഓഫിസില്‍ കൈയാങ്കളിയും ഒടുവില്‍ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, യു.ഡി.എഫ് ജില്ല ചെയര്മാന് എം.പി. വിന്‍സെന്റ് എന്നിവരുടെ രാജിയും ഉണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന് നല്‍കുകയും ചെയ്തിരുന്നു.
ഞായറാഴ്ച നടന്ന സിറ്റിങ്ങിന് എത്തിയവര്‍ സ്വന്തം ചേരിയെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നാണ് വിവരം. തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ഡി.സി.സി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയുമാണ് തെളിവെടുപ്പിലേക്ക് വിളിപ്പിച്ചിരുന്നത്. എന്നാല്‍, ആലത്തൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയമസഭ മണ്ഡലങ്ങളില്‍നിന്നുള്ള ചിലരെയും അവരുമായി ബന്ധമുള്ള നേതാക്കള്‍ എത്തിച്ചുവെന്നറിയുന്നു.
ആദ്യ സിറ്റിങ്ങില്‍ നേതാക്കള്‍ക്ക് പുറമെ പ്രവര്‍ത്തകര്‍ക്കും പരാതി ബോധിപ്പിക്കാന്‍ അവസരമുണ്ടായിരുന്നു. ഇത് അവസരമാക്കി ചില നേതാക്കള്‍ തങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ സ്വന്തം പക്ഷത്തുള്ളവരെ ഇറക്കുകയായിരുന്നു. രണ്ടാഴ്ചക്കകം അടുത്ത സിറ്റിങ്ങ് നടത്തുമെന്നറിയുന്നു.
കെ.സി. ജോസഫിന് പുറമെ ടി. സിദ്ദീഖ് എം.എല്‍.എ, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് എന്നിവരാണ് ഉപസമിതിയിലുള്ളത്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയെപ്പറ്റിയും സമിതി അന്വേഷിച്ചേക്കും. മത്സരിച്ചത് യു.ഡി.എഫ് ആയതുകൊണ്ട് ഘടക കക്ഷികളുടെ അഭിപ്രായവും സമിതി തേടണമെന്ന് കേരള കോണ്‍ഗ്രസ് തൃശൂര്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.