തൃശൂർ ജില്ല കേരളോത്സവം ഡിസംബര്‍ 10 മുതല്‍
text_fieldsതൃശൂർ: ജില്ല കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 10, 11, 12 തീയതികളില്‍ നടക്കും. ഡിസംബര്‍ 10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ജില്ലയിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, കല-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, കായിക താരങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി രൂപവത്കരണ യോഗം തീരുമാനിച്ചു. കായിക മത്സരങ്ങള്‍ ഡിസംബര്‍ 22ന് മുമ്പ് തീര്‍ക്കാനും യോഗത്തില്‍ തീരുമാനമായി.
കല-കായിക മത്സരങ്ങളുടെ വേദികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നവംബര്‍ 25ന് ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് ഹാളില്‍ ചേരുന്ന സംഘാടക സമിതി യോഗത്തില്‍ അന്തിമ രൂപംനല്‍കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, കലക്ടര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ല പഞ്ചായത്ത് സെക്രട്ടറി ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതിക്ക് യോഗം പ്രാഥമിക രൂപം നല്‍കി.
ദേശീയ മത്സര ഇനങ്ങള്‍, കലാസാഹിത്യ മത്സരങ്ങള്‍, അത്‌ലറ്റിക്‌സ്, ഗെയിംസ്, നീന്തല്‍, കളരിപ്പയറ്റ് വിഭാഗങ്ങളിലായാണ് ജില്ലതലത്തില്‍ മത്സരം നടക്കുക. സംസ്ഥാനതല കലാമത്സരങ്ങള്‍ ഡിസംബര്‍ 20 മുതല്‍ 23 വരെയും കായിക മത്സരങ്ങള്‍ 27 മുതല്‍ 30 വരെയും നടക്കും.
യോഗത്തില്‍ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണന്‍, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. വല്ലഭന്‍, കോര്‍പറേഷന്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. ഗോപകുമാര്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ ഒ.എ. സുധീഷ്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ജി. തിലകന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.പി. അബ്ദുല്‍ കരീം, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ സി.ടി. സബിത എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.