പദ്ധതി വിഹിത വിനിയോഗത്തിൽ പകുതിപോലുമെത്താതെ തൃശൂർ ജില്ല
text_fieldsതൃശൂർ: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം ശേഷിക്കേ വാർഷിക പദ്ധതി വിനിയോഗത്തിൽ ജില്ല ഏറെ പിന്നിൽ. തദ്ദേശ സ്ഥാപനങ്ങളുടെ 2022 -23 വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം ചെയ്ത ജില്ല ആസൂത്രണ സമിതി യോഗത്തിലാണ് കണക്ക് അവതരിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു.
വാര്‍ഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ സംസ്ഥാനതലത്തില്‍ നാലാം സ്ഥാനമാണ് ജില്ലക്ക്. 35.03 ശതമാനമാണ് ജില്ലയുടെ വാര്‍ഷിക പദ്ധതി നിർവഹണം. കോർപറേഷൻ 40.06 ശതമാനം, നഗരസഭകൾ 31.60 ശതമാനം, ബ്ലോക്ക് പഞ്ചായത്തുകൾ 33.62 ശതമാനം, ജില്ല പഞ്ചായത്ത് 25.02 ശതമാനം, ഗ്രാമപഞ്ചായത്തുകൾ 36.93 ശതമാനം എന്നിങ്ങനെയാണ് തദ്ദേശസ്ഥാപന തലത്തിലെ വാർഷിക പദ്ധതി നിർവഹണം.
50 ശതമാനത്തിന് മുകളിൽ അഞ്ച് ഗ്രാമപഞ്ചായത്തുകളാണുള്ളത്. അളഗപ്പനഗറാണ് ഒന്നാമത്. 30 ശതമാനത്തിൽ താഴെയുള്ള 14 ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നിർവഹണം സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഈ പഞ്ചായത്തുകളെ പദ്ധതി നിർവഹണത്തിന്റെ കാര്യത്തിൽ മുന്നോട്ടുകൊണ്ടുവരുന്നതിന്റെ ഭാഗമായി ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗം ചേരാൻ തീരുമാനമായി.
വാർഷിക പദ്ധതി ഭേദഗതി അംഗീകാരവും യോഗത്തിൽ അജണ്ടയായി. ആകെ ആറ് പഞ്ചായത്തുകളാണ് പദ്ധതി ഭേദഗതിക്ക് സമർപ്പിച്ചത്. ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ശുഭാപ്തി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലതലത്തിൽ എക്സ്പേർട്ട് കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചിരുന്നു.
ഈ കമ്മിറ്റിക്കും ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി. യോഗത്തിൽ ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. ശ്രീലത, പ്ലാനിങ് ബോർഡ് അംഗം എം.ആർ. അനൂപ് കിഷോർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.