തൃശൂർ ജില്ല പഞ്ചായത്തിന് 28 വയസ്സ്; 28 കർമപദ്ധതികളുമായി ഭരണസമിതി
text_fieldsതൃശൂർ: തൃശൂർ ജില്ല പഞ്ചായത്ത് നിലവിൽവന്നിട്ട് 28 വർഷങ്ങൾ പൂർത്തിയായി. വാർഷികാഘോഷം വിപുലമായി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജില്ല പഞ്ചായത്ത് ഭരണസമിതി. 28ാം വാർഷികാഘോഷ ഭാഗമായി 28 വികസന കർമ പദ്ധതികളാണ് ഭരണസമിതി നടപ്പാക്കുക. ഇതിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് അനക്സ് ഹാളിൽ നടക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ലൈഫ് ഗുണഭോക്താക്കൾക്ക് വീടിനും ഭൂമിക്കും പണം, ജില്ലയിലെ 530 അംഗൻവാടികൾക്ക് വാട്ടർ പ്യൂരിഫെയർ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള പുനരധിവാസ കേന്ദ്രം, വയോജന കേന്ദ്രം, കാർഷിക മോട്ടോർ പമ്പ് സെറ്റ് വിതരണം, വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം, ജില്ല ഹോമിയോ ആശുപത്രി, കലക്ടറേറ്റ് പരിസരത്ത് വിശ്രമ കേന്ദ്രം, ചേറ്റുവപ്പുഴയിലെ ചളി നീക്കൽ, നെൽകൃഷി സബ്സിഡി, വിജ്ഞാൻ സാഗർ, പാലിന് സബ്സിഡി, വിവിധ കുടിവെള്ള പദ്ധതികൾ, വിവിധ റോഡുകൾ, കാൻ തൃശൂർ അടക്കമുള്ള 28 പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക.
റവന്യൂ മന്ത്രി കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ശുഭാപ്തി പുനരധിവാസ കേന്ദ്രം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കോർപറേഷൻ മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ, കലക്ടർ കൃഷ്ണ തേജ എന്നിവർ പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ മഞ്ജുളാരുണൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.എം അഹമ്മദ്, ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ, എസ്.എസ്. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.