തൃശൂർ ജില്ല സ്കൂൾ കായികമേള ഇന്ന് തുടങ്ങും
text_fieldsതൃശൂർ: റവന്യൂ ജില്ല കായികമേള മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങും. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായാണ് പ്രഥമ സ്കൂൾ ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കുമുള്ള ഷൂട്ടിങ് മത്സരം തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ വ്യാഴാഴ്ച നടക്കും. അണ്ടർ-19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫുട്ബാൾ മത്സരം 15ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലാണ്. അണ്ടർ -14, അണ്ടർ-17, അണ്ടർ-19 ആൺ-പെൺ ക്രിക്കറ്റ് മത്സരം യഥാക്രമം 15, 16, 17 തീയതികളിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ നടക്കും. അണ്ടർ-14, ആൺ-പെൺ വിഭാഗത്തിനും അണ്ടർ-17 ആൺകുട്ടികൾക്കുമുള്ള ഹാൻഡ്ബാൾ മത്സരം 15ന് വേലൂർ ജി.എച്ച്.എസ്.എസിലാണ്. ഹാൻഡ്ബാൾ അണ്ടർ-19 ആൺ-പെൺ വിഭാഗത്തിന്റെയും അണ്ടർ-17 പെൺകുട്ടികളുടെയും മത്സരം ഇതേ സ്കൂളിൽ 16നാണ്.
എല്ലാ വിഭാഗങ്ങൾക്കുമുള്ള ബേസ് ബാൾ മത്സരം 15നും നെറ്റ് ബാൾ മത്സരം 17നും മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിൽ നടക്കും. ബോക്സിങ് 15ന് തൃശൂർ വടക്കേ സ്റ്റാൻഡിനടുത്തുള്ള ബ്രേവ് ബ്രദേഴ്സ് ഫൈറ്റേഴ്സ് എന്ന സ്ഥാപനത്തിലാണ്. പവർ ലിഫ്റ്റിങ് 15ന് തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ നടക്കും. അണ്ടർ-17 ആൺ, പെൺ ഖോ-ഖോ 18നും അണ്ടർ-19 മത്സരങ്ങൾ 19നും അത്താണി ജെ.എം.ജെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്. സോഫ്റ്റ് ബാൾ എല്ലാ വിഭാഗങ്ങൾക്കുമുള്ള മത്സരം 16ന് മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിൽ നടക്കും. ഫെൻസിങ് 15ന് തൃശൂർ ഹോളി ഫാമിലി എച്ച്.എസിലാണ്.
വടംവലി 15നും ത്രോ ബോൾ 16നും ടെന്നികോയ്റ്റ് 17നും മണ്ണുത്തി ഡോൺ ബോസ്കോയിൽ നടക്കും. വെയ്റ്റ് ലിഫ്റ്റിങ് 16ന് തൃശൂർ അക്വാറ്റിക് കോംപ്ലക്സിലും ബാൾ ബാഡ്മിന്റൻ 18ന് മുല്ലശ്ശേരി ജി.എച്ച്.എസ്.എസിലും സൈക്ലിങ് 18ന് തളിക്കുളം സ്നേഹതീരത്തും വു-ഷു 18ന് തൃശൂർ വടക്കേ സ്റ്റാന്റ് ബ്രേവ് ബ്രദേഴ്സ് ഫൈറ്റേഴ്സിലും അക്വാട്ടിക്സ് മത്സരങ്ങൾ 14, 15 തീയതികളിൽ തൃശൂർ അക്വാറ്റിക് കോംപ്ലക്സിലുമാണ്.
ടീമുകൾ രാവിലെ 8.30ന് റിപ്പോർട്ട് ചെയ്യണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. അജിതകുമാരിയും ജില്ല സ്പോർട്സ് കോ-ഓർഡിനേറ്റർ എ.എസ്. മിഥുനും അറിയിച്ചു. നീന്തൽ മത്സരങ്ങൾ രാവിലെ എട്ടിന് തുടങ്ങും. പ്രധാനാധ്യാപകൻ/പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ടീമുകൾ കൊണ്ടുവരണം. വനിത ടീമുകൾക്കൊപ്പം വനിത മാനേജർ നിർബന്ധമാണ്. പരാതി ഉണ്ടായാൽ ബന്ധപ്പെട്ട ടീം മാനേജർ വെള്ള പേപ്പറിൽ എഴുതി ഫീസടച്ച ചലാൻ സഹിതം ആർ.ഡി.എസ്.ജി.എ സെക്രട്ടിക്ക് നൽകണം. ഒഫീഷ്യൽസിന്റെ തീരുമാനം അന്തിമമായിരിക്കും.
റവന്യൂ ജില്ല അത്ലറ്റിക്സ് മത്സരങ്ങൾ ഈമാസം 21 മുതൽ 24 വരെ കുന്നംകുളത്താണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.