‘ജനപക്ഷ’ കേന്ദ്ര ബജറ്റിൽ ഒന്നുമില്ലാതെ തൃശൂർ ജില്ല
text_fieldsതൃശൂർ: ജനപക്ഷ ബജറ്റെന്ന് ഭരണപക്ഷം വിശേഷിപ്പിച്ച കേന്ദ്ര ബജറ്റിൽ ജില്ലക്ക് നിരാശ. ലോക്സഭയിൽ പലഘട്ടങ്ങളിലായി ചർച്ചക്ക് വന്ന വിഷയങ്ങളിൽ പോലും ജില്ലയോട് ബജറ്റ് മുഖം തിരിച്ചു. അതേസമയം, പൊതുവായി വകയിരുത്തിയ പദ്ധതികളിൽ പരിഗണിക്കപ്പെട്ടാൽ ആയെന്നതാണ് ആശ്വാസം.
റെയിൽവേ, ടൂറിസം, മത്സ്യബന്ധനം, തീർഥാടനം തുടങ്ങിയ മേഖലകളിൽ ജില്ലക്ക് പദ്ധതികൾ ഉണ്ടാകുമെന്നായിരന്നു പ്രതീക്ഷ. റെയിൽവേക്ക് രാജ്യത്ത് തന്നെ വരുമാനം നേടിത്തരുന്നതിൽ മുന്നിലുള്ള തൃശൂർ റെയിൽവേ സ്റ്റേഷനും വിദേശ തീർഥാടകർ നിരവധിയെത്തുന്ന ഗുരുവായൂർ റെയിൽവേ സ്റ്റേഷനും സ്വന്തം വികസന പദ്ധതികൾ പ്രതീക്ഷിച്ചിരുന്നു.
എ വൺ ക്ലാസ് റാങ്കിലുള്ള തൃശൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ ‘പിൽഗ്രിം സ്റ്റേഷ’നായി പ്രഖ്യാപിച്ച് കൂടുതൽ വികസനം വരുമെന്നുമായിരുന്നു പ്രതീക്ഷ. സ്ഥലമെടുപ്പിൽ കുരുങ്ങിക്കിടന്ന ഗുരുവായൂർ-തിരുനാവായ റെയിൽവേ ലെയിൻ പദ്ധതിക്ക് വീണ്ടും ജീവൻ വെക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തൃശൂർ വടക്കുംനാഥ ക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം എന്നിവയെ ബന്ധിപ്പിക്കുന്ന പിൽഗ്രിം ടൂറിസം പദ്ധതിയും വെറും വാക്കായി.
തൃശൂരിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ, വനം, വെള്ളച്ചാട്ടം, തണ്ണീർത്തടങ്ങൾ, കോൾനിലങ്ങൾ, ബീച്ചുകൾ, കൈത്തൊഴിൽ വ്യവസാ യങ്ങൾ, പാരമ്പരാഗത കുടിൽ വ്യവസായങ്ങൾ, വാദ്യകലകൾ, ഉത്സവങ്ങൾ, സാംസ്കാരിക മേഖലകൾ തുടങ്ങിയവയെ കോർത്തിണക്കുന്ന സ്മാർട്ട് തൃശൂർ പദ്ധതി ടി.എൻ. പ്രതാപൻ എം.പി ലോക്സഭയിൽ അവതരിപ്പിച്ച് കൈയടി നേടിയതാണെങ്കിലും കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.
ചേറ്റുവ ഹാർബറും മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററും കേന്ദ്ര സർക്കാറിന്റെ തുറമുഖ, ഹാർബർ നവീകരണ പദ്ധതികളിൽപ്പെടുത്തി പ്രത്യേകം പരിഗണിക്കണമെന്നും ഇവയുടെ ആധുനികവത്കരണത്തിനും വികസനത്തിനുമായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ലോക്സഭയിൽ ഉന്നയിച്ചിരുന്നു.
മത്സ്യ മേഖലയുടെ വികസനത്തിനായി പ്രഖ്യാപിച്ച പൊതു പദ്ധതിയിൽ ഇത് ഉൾപ്പെടുമോ എന്നതാണ് അറിയാനുള്ളത്. തൃശൂർ - പൊന്നാനി കോൾ നിലങ്ങളുടെ സംരക്ഷണത്തിനും കൃഷി പ്രോത്സാഹനങ്ങൾക്കും പ്രത്യേക പദ്ധതി ഉണ്ടാവുമെന്ന് കരുതിയിരുന്നുവെങ്കിലും ഉണ്ടായില്ല.
ലോക കായിക ഭൂപടത്തിലേക്ക് നിരവധി താരങ്ങളെ സമ്മാനിച്ച തൃശൂരിൽ കായിക മേഖലയുടെ വികസനത്തിൽ പരിഗണനയുണ്ടാവുമെന്ന് കരുതി. ആശങ്കപ്പെട്ടിരിക്കുന്ന സായ് സെന്റർ അടച്ചുപൂട്ടില്ലെന്നും കൂടുതൽ അക്രഡിറ്റ് അക്കാദമികൾ അനുവദിക്കുമെന്നും ഖേലോ ഇന്ത്യയുടെ ഭാഗമായി കൂടുതൽ പദ്ധതികൾ ഉണ്ടാവുമെന്നും പ്രതീക്ഷിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.