തൃശൂർ എൻജി. വിദ്യാർഥിക്ക് ഷിഗെല്ല ബാധിച്ചത് കുടിവെള്ളത്തിൽനിന്നെന്ന് സംശയം; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
text_fieldsതൃശൂർ: ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത് കുടിവെള്ളത്തിൽനിന്നാണെന്ന് സൂചന. ഹോസ്റ്റലിലെ വെള്ളത്തിൽനിന്നാണോ പുറത്തുനിന്നാണോ പകർന്നതെന്നതിൽ പരിശോധന നടത്തിവരുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷവകുപ്പും ഹോസ്റ്റലിലും കോളജിലും പരിശോധന നടത്തി. കുടിവെള്ളവും ഭക്ഷണപദാർഥങ്ങളും പരിശോധനക്ക് എടുത്തിട്ടുണ്ട്. കുടിവെള്ളത്തിന്‍റെ പരിശോധനഫലം നാല് ദിവസത്തിനുള്ളിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷവകുപ്പ് അസിസ്റ്റന്‍റ് കമീഷണർ പി.യു. ഉദയശങ്കർ പറഞ്ഞു. രണ്ട് ഹോസ്റ്റലിലായി 500 ആൺകുട്ടികളും 450 പെൺകുട്ടികളുമാണ് താമസം.
തൃശൂര്‍ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥികള്‍ വയറിളക്കം, വയറുവേദന, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഒരാഴ്ച മുമ്പ് ചികിത്സ തേടിയതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കോളജ് ഹോസ്റ്റലും മെസുകളും സന്ദര്‍ശിച്ചിരുന്നു. ലക്ഷണങ്ങളുള്ള വിദ്യാർഥികളില്‍നിന്ന് വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുകയും രോഗവ്യാപനം തടയാനുള്ള മാർഗനിർദേശങ്ങള്‍ നല്‍കുകയും ചെയ്തു. രോഗലക്ഷണമുള്ള രണ്ട് വിദ്യാർഥികളുടെ മലം പരിശോധിച്ചതില്‍നിന്നുമാണ് ഒരുവിദ്യാർഥിക്ക് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചത്. സ്ഥിതി നിലവിൽ നിയന്ത്രണവിധേയമാണെന്ന് ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ 'മാധ്യമ'ത്തോട് പറഞ്ഞു.
സാധാരണ വയറിളക്കത്തെക്കാൾ ഗുരുതരമാകാൻ ഇടയുള്ളതിനാൽ ചികിത്സസൗകര്യം വേണ്ടിവരുമെന്ന ആശങ്കയുമുണ്ട്. കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗബാധ കൂടുതൽ ഗുരുതരം. ഹോസ്റ്റലുകളിൽ രോഗം പെട്ടെന്ന് പടരാമെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. വ്യക്തിശുചിത്വം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. നഗരങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളോട് ചേർന്ന ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷവകുപ്പും പരിശോധന തുടരുന്നുണ്ട്.
കോളജ് ഹോസ്റ്റലിലും സ്വകാര്യ ഹോസ്റ്റലിലുമായി കഴിയുന്ന രോഗലക്ഷണങ്ങളുള്ള 58 കുട്ടികളുടെ പട്ടിക തയാറാക്കി കോളജ് അധികൃതർ ആരോഗ്യവകുപ്പിന് നൽകി. രോഗലക്ഷണങ്ങളുള്ളവരൊഴിച്ച് ഹോസ്റ്റലിൽ താമസിക്കുന്നവരോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച മുതൽ ക്ലാസുകൾ ഓൺലൈനിലാകും. രോഗലക്ഷണമുള്ളവരുടെ മലം പരിശോധന നടത്തേണ്ടതുണ്ട്. പല വിദ്യാർഥികളും അതിന് മടിക്കുന്നത് പരിശോധനക്ക് തടസ്സമാകുന്നു. രോഗവ്യാപനം കണക്കിലെടുത്ത് കോളജ് യൂനിയൻ കലോത്സവം മാറ്റി. കലോത്സവം കഴിഞ്ഞദിവസം തുടങ്ങിയിരുന്നു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാംതൃശൂർ: ഷിഗെല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധക്ക് കാരണം. വയറിളക്കമാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണം. എന്നാല്‍, ഇത് സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാണ്. മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗബാധിതര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലായാല്‍ അഞ്ച് വയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.
- വൃത്തിയാണ് പ്രധാനം
- പനി, രക്തം കലര്‍ന്ന മലവിസർജനം, നിർജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യ സഹായം തേടണം
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
- ഭക്ഷണത്തിന് മുമ്പും വിസർജനശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
- വ്യക്തി ശുചിത്വം പാലിക്കുക
- കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്കരിക്കുക
- രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക
- പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക
- ഭക്ഷണം ശരിയായ രീതിയില്‍ മൂടി വെക്കുക
- ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ ഈച്ച ശല്യം ഒഴിവാക്കുക
- വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാന്‍ അനുവദിക്കാതിരിക്കുക
- കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക
- വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക
- രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക
- പഴങ്ങളും പച്ചക്കറികളും കഴുകിയശേഷം മാത്രം ഉപയോഗിക്കുക
- രോഗലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായിനി, ഉപ്പിട്ട് കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കുടിക്കുക
- കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.