ബജറ്റ്: തൃശൂരിന് ആകെ കിട്ടിയത് പുതുക്കാട് കെ.എസ്.ആര്.ടി.സി മൊബിലിറ്റി ഹബ്
text_fieldsതൃശൂർ: പുതുക്കാട് കെ.എസ്.ആർ.ടി.സിയുടെ മൊബിലിറ്റി ഹബ്ബിനായി കിഫ്ബിയുമായി ചേര്‍ന്ന് പദ്ധതി രൂപവത്കരിക്കുമെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിെൻറ പ്രഖ്യാപനമൊഴിച്ചാൽ ബജറ്റിൽ ജില്ലക്ക് പ്രത്യേകമായി ഒന്നും കരുതിവെച്ചില്ല. ജനുവരിയിൽ മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിെൻറ തുടർച്ചയാണെങ്കിലും കാര്യമായി ജില്ലയെ പരിഗണിച്ചില്ലെന്ന പരാതി വ്യാപകമായുണ്ട്.
പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് കേന്ദ്രീകരിച്ച് അത്യന്താധുനിക സജ്ജീകരണങ്ങളും മൾട്ടിപ്ലക്സ് തിയറ്ററുകളും ഉൾകൊള്ളുന്ന ബ്രഹദ്പദ്ധതിയാണ് പുതുക്കാട് മൊബിലിറ്റി ഹബ്ബിൽ വിഭാവനം ചെയ്തിട്ടുള്ളത്.
തൃശൂരിലെ സ്വപ്നപദ്ധതികളും ആരോഗ്യ സർവകലാശാലക്കും കിലയും ഉൾപ്പെടെ സ്ഥാപനങ്ങളും പ്രഖ്യാപിക്കപ്പെട്ട ബജറ്റിൽ ഇടം പിടിച്ചില്ല. തീരമേഖലയുമായി ബന്ധപ്പെട്ട് പൊതുവായി പറഞ്ഞ പദ്ധതികളുടെ വിഹിതം ജില്ലക്ക് എത്ര ഗുണപ്രദമാകും എന്ന് നിശ്ചയമില്ല. െടട്രപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷണമാണ് തീരമേഖയിൽ ഏറ്റെടുക്കുന്നത്. തൃശൂർ ഉൾപ്പെടുന്ന തീരദേശ ഹൈവേ പദ്ധതിക്കായി മൊത്തം 6500 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചിട്ടുണ്ട്.
ഇതിനായി ഡ്രോൺ സർവേ ഉൾപ്പെടെ പൂർത്തിയായിട്ടുണ്ട്. ഹൈവേയിൽ 25-30 കിലോ മീറ്റർ ഇടവേളകളിൽ പരിസ്ഥിതി സൗഹൃദ സൗകര്യകേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിനായി കിഫ്ബി വഴി 240 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.
തൃശൂരിലെ ഇന്‍ഫോ പാര്‍ക്കും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നെങ്കിലും ബജറ്റിൽ പരാമർശിച്ചതേ ഇല്ല. അതേസമയം, ആരോഗ്യ മേഖലയിൽ സംസ്ഥാന തലത്തിൽ പ്രഖ്യാപിക്കപ്പെട്ട സി.എച്ച്.സി, താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഗുണഭോക്താക്കളിൽ തൃശൂരും ഉൾപ്പെടും. ഒരു സെൻററിന് മൂന്ന് കോടി ചെലവിലാണ് സജ്ജീകരിക്കുക. പകർച്ച വ്യാധികൾ കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളജിൽ പ്രത്യേക േബ്ലാക്ക് പണിയുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും ആദ്യഘട്ട ലിസ്റ്റിൽ തൃശൂർ മെഡിക്കൽ കോളജില്ല.
കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിന് വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖല ആരംഭിക്കാൻ രണ്ട് ജില്ലകളിൽ ഇൗ വർഷം പൈലറ്റ് പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ട്. അതിൽ ജില്ല ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. കർഷകരുടെയും കിഫ്ബിയുടെയും പങ്കാളിത്തത്തോടെ അഞ്ച് അഗ്രോപാർക്കുകൾ അനുവദിച്ചതിൽ ജില്ലക്കുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ടൂറിസം പദ്ധതിയിൽപ്പെടുന്ന മലബാർ ലിറ്റററി സർക്യൂട്ടിൽ ഭാരതപ്പുഴയുടെ തീരങ്ങളാണ് ഉൾപ്പെടുന്നത്. ജില്ല അതിർത്തി മേഖലകൾ കൂടി പദ്ധതിയുടെ ഭാഗമായേക്കാമെന്നാണ് പ്രതീക്ഷ.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനര്‍ഗേഹം പദ്ധതിയിലെ ജില്ലയിലേക്കുള്ള വിഹിതം സംബന്ധിച്ച് ബജറ്റില്‍ നേരിട്ട് പരാമർശമില്ലെങ്കിലും ജില്ലക്ക് പിന്നീട് അനുവദിക്കുമെന്നതിൽ പ്രതീക്ഷയുണ്ട്.
തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്താണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. മൊത്തം 2450 കോടി മാറ്റിവച്ചിരുന്നു. പാരമ്പര്യ കരകൗശല വിദഗ്ധര്‍ക്കായി ആരംഭിച്ച റൂറല്‍ ആര്‍ട്ട് ഹബുകള്ക്കു കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുമെന്നും ഗവർണറുടെ നയപ്രഖ്യാപനത്തിലുണ്ടായിരുന്നു. നിലവില്‍ തൃശൂരിലെ ചേര്‍പ്പിലും ഗുരുവായൂരിലും ആര്‍ട്ട് ഹബുകളുണ്ട്. ഇതിെൻറ പ്രഖ്യാപനവും ബജറ്റിൽ കണ്ടില്ല.
സബ് ഡിപ്പോ മൊബിലിറ്റി ഹബ് യാഥാർഥ്യത്തിലേക്ക്
ആമ്പല്ലൂര്‍: പുതുക്കാട് കെ.എസ്.ആര്.ടി.സി സബ് ഡിപ്പോ മൊബിലിറ്റി ഹബ്ബാക്കുന്നതിന് 150 കോടിയുടെ പദ്ധതിക്ക് ബജറ്റില്‍ നിര്‍ദേശം. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. നേരത്തേ ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ദേശീയപാതയോടു ചേര്‍ന്ന് നാലേക്കര്‍ അഞ്ച് സെൻറ് സ്ഥലത്താണ് പുതുക്കാട് കെ.എസ്.ആര്.ടി.സി ഡിപ്പോ. സംസ്ഥാനത്തിെൻറ ഏകദേശം മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന ഡിപ്പോ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതു പ്രകാരം കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ക്കായി രൂപവത്കരിക്കുന്ന സ്വിഫ്റ്റ് ലിമിറ്റഡ് കമ്പനിയുടെ കേന്ദ്രം പുതുക്കാടായിരിക്കും.
കെ.എസ്.ആര്.ടി.സി.യുടെ ചെലവ് കുറക്കുന്നതിനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ദീര്‍ഘദൂര ബസ് സര്‍വിസ് നടത്തുന്നതിനുള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തും വിധമായിരിക്കും ഹബിെൻറ രൂപകല്പന.
ഷോപ്പിങ് കോംപ്ലക്സ്, യാത്രക്കാര്‍ക്കുള്ള താമസ സൗകര്യം, ത്രീ ആൻഡ് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍, ഭക്ഷണശാല, എ.ടി.എം, ലോക്കര്‍ , പാര്‍ക്കിങ് സൗകര്യം, പെട്രോള്‍ പമ്പ് എന്നിവയെല്ലാം ഹബിെൻറ ഭാഗമായുണ്ടാവും. ഹബിെൻറ നിര്‍മാണം സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കും. പദ്ധതിയുടെ പ്രാരംഭമെന്ന നിലയില്‍ കെ.എസ്.ആര്.ടി.സി എം.ഡി. ബിജു പ്രഭാകര്‍ കഴിഞ്ഞമാസം പുതുക്കാട് ഡിപ്പോ സന്ദര്‍ശിച്ചിരുന്നു. മൊബിലിറ്റി ഹബ് പുതുക്കാട് മണ്ഡലത്തിെൻറ മുഖച്ഛായ മാറ്റുമെന്ന് കെ.കെ. രാമചന്ദ്രന് എം.എല്‍.എ പറഞ്ഞു.
അവഗണിച്ചു –വ്യാപാരി വ്യവസായി കോൺഫെഡറേഷൻ
തൃശൂർ: വ്യാപാരികളെ എല്ലാ നിലക്കും ബജറ്റ് അവഗണിച്ചെന്ന് വ്യാപാരി വ്യവസായി കോൺഫെഡറേഷൻ സംസ്ഥാന കൺവീനർ ബിന്നി ഇമ്മട്ടി. പ്രളയ സമയത്തെ ആശ്വാസമായും ഈ സർക്കാർ ഒന്നും തന്നില്ല. കടകൾ ഇത്ര നാൾ പൂട്ടിക്കിടക്കുകയായിരുന്നു. ബജറ്റിൽ പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ, നികുതി കൂട്ടിയില്ല എന്നതു മാത്രമാണ് ആശ്വസിക്കാനുള്ളത്. അതും കോവിഡ് മാറിയാൽ നികുതി കൂട്ടുമെന്ന സൂചനയുമുണ്ട്്. ഇന്നത്തെ സാമ്പത്തിക- സാമൂഹിക അവസ്ഥ അങ്ങനെയാണ്, എന്ത് ചെയ്യാം -അദ്ദേഹം പറഞ്ഞു.
നിരാശജനകം –വ്യാപാരി ഏകോപന സമിതി
തൃശൂർ: ബജറ്റ് വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം നിരാശ ജനകമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളിലായി വിവിധ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യാപാര മേഖലക്ക് ഒരു പാക്കേജ് ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത്തരം നീക്കമുണ്ടായില്ല. നിലവിലെ അവസ്ഥ മുൻനിർത്തി വ്യാപാരികൾക്ക് സഹായകമായ പാക്കേജ് വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷയുണ്ട്്. അതിനായി സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ. കരുണാകരനെ അവഗണിച്ചു –എം.പി. വിൻസെൻറ്
തൃശൂർ: രണ്ടാം പിണറായി സർക്കാറിെൻറ ആദ്യ ബജറ്റ് നിരാശജനകമെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ്. മഹാമാരിക്കാലത്ത് ദുരിതത്തിലായ സമൂഹത്തിന് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളോ പദ്ധതികളോ ഉണ്ടായില്ല. വ്യാപാര മേഖല, കാർഷിക മേഖല എന്നിവ ഏറെ പ്രതീക്ഷിച്ചുവെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. വായ്പകൾക്ക് കുറഞ്ഞത് ആറ് മാസം മൊറൊട്ടോറിയം പ്രഖ്യാപിക്കേണ്ടിയിരുന്നു. ആർ. ബാലകൃഷ്ണ പിള്ളക്കും കെ.ആർ ഗൗരിയമ്മക്കും സ്മാരകം പ്രഖ്യാപിച്ചപ്പോൾ കെ. കരുണാകരന് സ്മാരകം അവഗണിച്ചു.
ജില്ലയിൽനിന്ന് മൂന്ന് മന്ത്രിമാർ ഉണ്ടായിട്ടും ഒരു പദ്ധതി പോലും ഉൾപ്പെടുത്താൻ കഴിയാതിരുന്നത് പരാജയമാണ്.ബജറ്റിലെ ന്യൂനതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 10.30ന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് തൃശൂർ കോർപറേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജില്ല പ്രസിഡൻറ് എം.പി. വിൻസെൻറ് അറിയിച്ചു.
പട്ടികജാതി വിഭാഗത്തെ അവഗണിച്ചു –ഷാജുമോൻ വട്ടേക്കാട്
തൃശൂർ: സംസ്ഥാന ബജറ്റിൽ പട്ടികജാതി വിഭാഗങ്ങളോട് കടുത്ത അവഗണനയാണ് കാണിച്ചതെന്നു ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട്. പ്രഖ്യാപിച്ച ചില പദ്ധതികൾ നാമമാത്രം ആയി. വിദ്യാഭ്യാസ തൊഴിൽ മേഖലയിലടക്കം പട്ടികജാതിക്കാരുടെ പരമ്പരാഗത തൊഴിൽ മേഖലയിൽ പോലും ഒരു അനുകൂല്യം പ്രഖ്യാപിച്ചില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ കടലാസിൽ മാത്രം ഒതുങ്ങിയെന്നും ഷാജുമോൻ പറഞ്ഞു.
ജില്ലയെ നിരാശയിലാഴ്ത്തിയ ബജറ്റ് –ബി.ജെ.പി
തൃശൂർ: ബജറ്റ് നിരാശപ്പെടുത്തുന്നതും കൈയടി നേടാനുള്ള രാഷ്ട്രീയ പ്രസംഗം മാത്രമാണെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.കെ. അനീഷ് കുമാർ. കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കാർഷിക മേഖല, ചെറുകിട -കുടിൽ വ്യവസായ മേഖല എന്നിവയെ പാടേ അവഗണിച്ചു.
തീരപ്രദേശത്തെ ജനങ്ങളെയും മത്സ്യത്തൊഴിലാളികളെയും അവഗണിച്ചു. വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകുമെന്ന് കഴിഞ്ഞ വർഷവും പ്രഖ്യാപിച്ചിരുന്നു, പക്ഷേ നടപ്പായില്ല. ഇക്കുറിയും ആ പ്രഖ്യാപനം ആവർത്തിക്കുകയാണ്. വളർച്ച മുരടിപ്പിനും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതിനും ബജറ്റ് നിർദേശങ്ങൾ കാരണമാകും. മെഡിക്കൽ കോളജ്, കാർഷിക സർവകലാശാല, പശ്ചാത്തല സൗകര്യ വികസനം എന്നിവക്കൊന്നും മതിയായ ഫണ്ട് വകയിരുത്തിയിട്ടില്ലെന്നും അനീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.