തൃശൂർ ഗവ. മെഡിക്കല്‍ കോളജില്‍ രൂക്ഷ വ്യാപനം
text_fieldsമുളങ്കുന്നത്തുക്കാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ കോവിഡ് വ്യാപനം രൂക്ഷം. വിവിധ വകുപ്പുകളിലെ ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, നഴ്സിങ് ജീവനക്കാർ, ലബോറട്ടറി ജീവനക്കാർ, മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ നൂറോളം പേർക്ക് കോവിഡ് ബാധിച്ചതായാണ് വിവരം. മെഡിക്കൽ കോളജ് സൂപ്രണ്ട് ഉൾപ്പെടെ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഓർത്തോ, ഇ.എൻ.ടി കാർഡിയോളജി, ന്യൂറോ സർജറി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ കോവിഡ് ബാധിതരാണ്.
രോഗികളിൽ പലർക്കും ബാധിച്ചിട്ടുണ്ട്. കൂട്ടിരിപ്പുകാരുടെ കാര്യവും ഇതുതന്നെയാണ്. കോവിഡ് അതിതീവ്ര രോഗികൾക്ക് ജില്ലയിൽ മികച്ച ചികിത്സ ലഭിക്കുന്നത് മെഡിക്കൽ കോളജിലാണ്. അതേസമയം, ആവശ്യമായ മുന്നൊരുക്കവും ക്രമീകരണവും വേണ്ട സാഹചര്യത്തിലും ശാസ്ത്രീയമായി ഇത് നടപ്പാക്കാത്തതാണ് പ്രശ്ന കാരണമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും അമർഷവുമുണ്ട്.
കോവിഡ് കണക്കുകൾ വ്യക്തമാക്കാത്തതും നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതും ഭീതിദമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഒട്ടേറെ സാധാരണക്കാരായ കോവിഡ് ഇതര രോഗികൾ ചികിത്സ തേടി ഇവിടെയെത്തിയിട്ടുണ്ട്. ഇവരെ അവിടെ നിന്ന് മാറ്റുന്നതും ഇവരുടെ ചികിത്സയും അടക്കം പ്രതിസന്ധിയിലാണ്. മെഡിസിൻ വിഭാഗത്തിലെ രണ്ടു പ്രധാനപ്പെട്ട വകുപ്പ് മേധാവികൾ കോവിഡിന്റെ മൂന്നാം തരംഗ സന്ദർഭത്തിലും നിയമിതരായിട്ടില്ല.
നിയന്ത്രണം ശക്തം
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്. ഒ.പി ടിക്കറ്റ് കൗണ്ടർ പ്രവർത്തനം രാവിലെ 11 വരെയായി പുനഃക്രമീകരിച്ചു. വാർഡുകളിലേക്കുള്ള പ്രവേശന കവാടങ്ങളുടെ എണ്ണവും പരമാവധി കുറക്കും. വാർഡുകളിലേക്ക് സന്ദർശകർക്ക് കർശന നിയന്ത്രണവും ഏർപ്പെടുത്തി. പ്രവേശന കവാടങ്ങളുടെ എണ്ണവും പരമാവധി കുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.