തൃശൂർ എം.ടിക്ക് എന്നും പ്രിയപ്പെട്ട ഇടം
text_fieldsതൃശൂര്‍: ജന്മനാടായ കൂടല്ലൂരും കർമകേന്ദ്രമായിരുന്ന കോഴിക്കോടും കഴിഞ്ഞാല്‍ എം.ടിക്ക് പ്രിയപ്പെട്ട സ്ഥലം സാംസ്കാരിക നഗരമായ തൃശൂർ ആയിരുന്നുവെന്നതിൽ തർക്കത്തിനിടമില്ല. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്ന കാലയളവിൽ തൃശൂരിന്റെ ഹൃദയ സ്പന്ദനങ്ങളിൽ എം.ടിയുടെ നിറസാന്നിധ്യമുണ്ടായിരുന്നു.
1995ലാണ് എം.ടി. അക്കാദമി പ്രസിഡന്റായി എത്തിയത്. കെ.എല്‍. മോഹനവര്‍മ്മയായിരുന്നു സെക്രട്ടറി. അക്കാദമിയുടെ സുവര്‍ണകാലമായിരുന്നു ഇത്. സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ അന്ന് നടത്തിയ ഒരാഴ്ചയോളം നീണ്ട ദേശീയ സാഹിത്യോത്സവം കേരളത്തിന് പുത്തനനുഭവമായിരുന്നു. പ്രശസ്തരായ മഹാശ്വേതദേവി, ഇന്ദിരാഗോസ്വാമി, യു.ആര്. അനന്തമൂര്‍ത്തി, അജിത്കൗര്‍, നിര്‍മല്‍വര്‍മ, ശിവശങ്കരി, പ്രതിഭാറോയ്, വാസുകി തുടങ്ങി ഇന്ത്യയിലെ തലയെടുപ്പുള്ള എഴുത്തുകാരെല്ലാം അക്കാദമിയിലെ മരച്ചുവടുകളില്‍ എഴുത്തനുഭവങ്ങളുമായി നിരന്നിരുന്നു. കേരളത്തിന്റെ ആതിഥ്യമര്യാദകള് തൊട്ടറിഞ്ഞ് അവര്‍ സാഹിത്യാനുഭവങ്ങള്‍ പങ്കുവെച്ചു. അവരെ കാണാനും കേള്‍ക്കാനും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സാഹിത്യപ്രേമികള്‍ തൃശൂരിലേക്ക് ഒഴുകിയെത്തി.
ഇന്ന് പലയിടത്തും ലിറ്റററി ഫെസ്റ്റ് നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക എഴുത്തുകാരെയും കൂട്ടിചേര്‍ത്ത് അന്ന് എം.ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എഴുത്തുലോകം പിന്നെ എവിടെയുമുണ്ടായിട്ടില്ലെന്ന് പറയുന്നതാകും ശരി. എം.ടി. വാസുദേവന്‍ നായര്‍ എന്ന പ്രതിഭയാര്‍ന്ന പത്രാധിപരെയും എഴുത്തുകാരനെയും തിരകഥാകൃത്തിനെയും സംവിധായകനെയും നമുക്കറിയാം.
എന്നാല്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹിത്യകാരന്മാരുമായും എം.ടിക്കുള്ള ആഴത്തിലുള്ള സൗഹൃദവും സംഘാടനമികവും കാണിച്ചുതന്ന സാഹിത്യ സമ്മേളനം കൂടിയായിരുന്നു അത്. എം.ടിയുടെ ആദ്യപുസ്തകം മുതല്‍ പ്രശസ്തമായ പുസ്തകങ്ങളെല്ലാം പ്രസിദ്ധീകരിച്ചത് തൃശൂര്‍ കറന്റ് ബുക്സാണ്. ജോസഫ് മുണ്ടശേരിയുടെ മകന് തോമസുമായുള്ള അടുപ്പമാണ് അതിന് കാരണമായത്. അദ്ദേഹത്തിന്റെ മരണശേഷം മകന് പെപ്പിന്തോമസുമായുള്ള സ്നേഹംകൊണ്ട് പിന്നീടും എം.ടി പുസ്തകങ്ങള്‍ കൊടുത്തത് കറന്റ് ബുക്സിന് തന്നെയായിരുന്നു. എം.ടിയുടെ അച്ഛന്റെ നാട് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളമാണ്. കോവിലന്, സി.വി. ശ്രീരാമന്, സാറാ ജോസഫ്, അശോകന് ചരുവില്‍ തുടങ്ങിയ എഴുത്തുകാരുമായുള്ള ബന്ധവും തൃശൂരിനെ എം.ടിക്ക് പ്രിയപ്പെട്ടതാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.