തൃശൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള: നവാഗത മലയാള സിനിമക്ക് അവാർഡ് നൽകണം -മന്ത്രി കെ. രാജൻ
text_fieldsതൃശൂർ: അടുത്ത വർഷം തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നവാഗത മലയാള സിനിമക്കുള്ള അവാർഡ് കൂടി നൽകണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 17ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മൂന്നാമത് തവണ എത്തിയതിലെ സന്തോഷം മുഖ്യാതിഥിയായ പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി പങ്കുവെച്ചു. മികച്ച നിലവാരമുള്ള സിനിമകളാണ് മേളയിലെത്തിയതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ പ്രേമചന്ദ്രൻ മജുംദാർ പറഞ്ഞു.
ജൂറി കമ്മിറ്റി ചെയർമാൻ ജി.പി. രാമചന്ദ്രൻ, സിനിമാട്ടോഗ്രഫർ മധു അമ്പാട്ട്, ടി. കൃഷ്ണനുണ്ണി, ഡോ. കെ.കെ. അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റിവൽ എക്സിക്യൂട്ടിവ് ഡയറക്ടർ ചെറിയാൻ ജോസഫ് നന്ദി പറഞ്ഞു.
ഫയർ, 'ബാരഹ് x ബാരഹ്, 'ഐ ആം നോട്ട് ദ റിവർ ഝലം' മികച്ച സിനിമകൾ
കസാഖിസ്ഥാൻ സംവിധായകനായ ഐഷാൻ കാസിംബെകിന്‍റെ 'ഫയർ' ഫ്രിപ്രസി ഇന്ത്യ ഇന്‍റർനാഷനൽ അവാർഡ് നേടി. ഗൗരവ് മദൻ സംവിധാനം ചെയ്ത 'ബാരഹ് x ബാരഹ്' ഹിന്ദി ചിത്രത്തിനാണ് മികച്ച സിനിമക്കുള്ള കെ.ഡബ്ല്യു. ജോസഫ് ഫിലിം അവാർഡ്.
വാരാണസിയിലെ തദ്ദേശീയരുടെ ജീവിതമാണ് ഇതിവൃത്തം. പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത 'ഐ ആം നോട്ട് ദ റിവർ ഝലം' കശ്മീരി സിനിമക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. കശ്മീരിന് നഷ്ടമാകുന്ന സംസ്കാരവും കശ്മീർ ജീവിതവും വിവരിക്കുന്നതാണ് സിനിമ.
അവസാന ദിവസമായ വ്യാഴാഴ്ച ശ്രീ തിയറ്ററിൽ പ്രദർശനം തുടരും. ജയരാജ് സംവിധാനം ചെയ്ത 'നിറയെ തടാകങ്ങളുള്ള മരം' ആണ് സമാപന ചിത്രം. മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡ് നേടിയ ബാരഹ്x ബാരഹ് പ്രദർശിപ്പിക്കും.
ശ്രീ തിയറ്ററിൽ ഇന്ന്
ബാരഹ് x ബാരഹ് -ഹിന്ദി- രാവിലെ 9.00, ചബിവാല-ബംഗാളി-11.00, കോലി താൽ-കന്നഡ-1.00, നിറയെ തടാകങ്ങളുള്ള മരം-മലയാളം-3.05
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.