തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും
text_fieldsതൃശൂര്‍: 18ാമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മൂന്ന് മുതല്‍ ഒമ്പത് വരെ തൃശൂര്‍ ശോഭ സിറ്റി മാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സ്ക്രീൻ അഞ്ച്, ആറ് തിയറ്ററുകളിലാണ് 30 രാജ്യങ്ങളില്‍ നിന്നുള്ള 70 സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.
മൂന്നിന് രാവിലെ 10ന് പ്രദര്‍ശനം ആരംഭിക്കും. വൈകീട്ട് അഞ്ചിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യും. കോര്പറേഷന് മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിക്കും. വിഖ്യാത ചലച്ചിത്ര പ്രതിഭ ജോണ്‍ എബ്രഹാമിനെക്കുറിച്ച് പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോണ്‍’ ഫീച്ചര്‍ സിനിമ ആദ്യ ദിവസം പ്രദര്‍ശിപ്പിക്കും.
ദിവസവും 10 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മൂന്ന് വിഭാഗങ്ങളിലായി 24 സിനിമകള്‍ മത്സര രംഗത്തുണ്ട്. ഇന്ത്യൻ പനോരമയിൽ 13 ചിത്രങ്ങളും ലോക സിനിമ വിഭാഗത്തിൽ 18 സിനിമകളും 10 മലയാള സിനിമകളും പ്രദർശിപ്പിക്കും. അഞ്ച് ഡോക്യുമെന്ററികളുടെ പ്രദർശനവുമുണ്ടാകും. ഫിപ്രസി ഇന്ത്യ ഇന്റർനാഷനൽ അവാർഡ്, കെ.ഡബ്ല്യൂ. ജോസഫ് ഫിലിം അവാർഡ്, കെ.എസ്.എഫ്.ഇ - ഐ.എഫ്.എഫ്.ടി ഫിലിം അവാർഡ് എന്നിവയുടെ തെരഞ്ഞെടുപ്പിനായി മൂന്ന് ജൂറി കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇരിങ്ങാലക്കുട, വരന്തരപ്പിള്ളി, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ കേന്ദ്രങ്ങളില്‍ സിനിമകളുടെ ഉപ പ്രദര്‍ശനവുമുണ്ടാകും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. കെ. ഗോപിനാഥന്, ഡോ. കെ.കെ. അബ്ദുല്ല, എ. രാധാകൃഷ്ണന്, ചെറിയാന് ജോസഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.