തൃശൂർ-കുറ്റിപ്പുറം പാത ഹൈകോടതി വിശദീകരണം തേടി
text_fieldsതൃശൂർ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാത നിർമാണവുമായി ബന്ധപ്പെട്ട് ഹൈകോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിന്റെ പരാതി ഫയലിൽ സ്വീകരിച്ച് ജസ്റ്റിസ് വി.ജി. അരുൺ ആണ് മൂന്നാഴ്ചക്കകം വിശദീകരണം നൽകാൻ സർക്കാരിനോട് ഉത്തരവിട്ടത്. കേസ് അടുത്തമാസം 16ന് പരിഗണിക്കും. ചീഫ് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ചീഫ് എൻജിനീയർ, കെ.എസ്.ടി.പി ചീഫ് എൻജിനീയർ, എക്സിക്യുട്ടീവ് എൻജിനീയർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി ഫയൽ സമർപ്പിച്ചത്. നിലവിലെ റോഡ് പൊളിച്ചുകളഞ്ഞ് കോൺക്രീറ്റ് റോഡ് നിർമിക്കുന്ന പ്രവൃത്തി കരാർ വ്യവസ്ഥ പ്രകാരം കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാക്കേണ്ടതാണ്.
എന്നാൽ ഇതുവരെ പണിയുടെ 19 ശതമാനം മാത്രമേ നടന്നിട്ടുള്ളൂ എന്ന് വിവരാവകാശ നിയമപ്രകാരം ഷാജി കോടങ്കണ്ടത്ത് നൽകിയ അപേക്ഷക്കുള്ള മറുപടിയിൽ പറയുന്നു. റോഡിന്റെ പല ഭാഗങ്ങളും പൊളിച്ചിട്ടിരിക്കുകയാണ്. പ്രവൃത്തി നടക്കുന്നതിന്റെ പേരിൽ നിലവിലെ റോഡിന്റെ അറ്റകുറ്റപ്പണി കാലങ്ങളായി നടക്കാറില്ല. റോഡ് പൊളിച്ച ഭാഗത്തും കോൺക്രീറ്റ് റോഡ് നിർമിച്ചിട്ടില്ല. 119 കോടി രൂപ വകയിരുത്തിയത് പിന്നീട് 218 കോടിയായി ഉയർത്തി. തൃശൂർ സ്വരാജ് റൗണ്ടിലെ പാറമേക്കാവ് ജങ്ഷൻ മുതൽ കുറ്റിപ്പുറം വരെ 33.23 കിലോമീറ്റർ റോഡാണ് നിർമിക്കേണ്ടത്. ‘റേ പി.ആർ.എൽ (ജെ.വി) എൻജിനീയർ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിക്കാണ് നിർമാണ കരാർ. കാലാവധി കഴിഞ്ഞ കരാർ പുതുക്കുകയോ പുതിയ കരാർ നൽകുകയോ ചെയ്തിട്ടില്ല.
ഒന്നര വർഷമായി പൂങ്കുന്നം-കുന്നംകുളം റോഡിൽ 19 കിലോമീറ്റർ ദൂരം അതീവ ശോച്യാവസ്ഥയിലാണ്. റോഡ് നിർമാണം അനിശ്ചിതത്വത്തിലുമാണ്. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചതെന്ന് ഷാജി കോടങ്കണ്ടത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.