തൃശൂർ-കുറ്റിപ്പുറം, കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡ്; പ്രത്യേക യോഗം വിളിക്കും -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsതിരുവനന്തപുരം: തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത, കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡ് എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി. എ.സി. മൊയ്തീൻ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി 33.23 കി.മീ ദൈർഘ്യമുള്ള തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത വികസിപ്പിക്കുന്നതിന് 316.82 കോടി രൂപയാണ് അനുവദിച്ചത്. കരാർ ഏറ്റെടുത്ത കമ്പനിക്ക് 2021 സെപ്റ്റംബർ ഒമ്പതിന് പദ്ധതി കൈമാറി. എന്നാൽ പദ്ധതി പൂർത്തീകരിക്കാനോ പുരോഗതി ഉണ്ടാക്കാനോ കരാറുകാർക്ക് സാധിച്ചില്ല. 21.02 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തീകരിച്ചത്.
അവലോകനയോഗങ്ങൾ നടത്തിയെങ്കിലും പദ്ധതിക്ക് വേഗത നൽകാൻ കരാറുകാർ തയാറായില്ല. തുടർന്ന് പൊതുമരാമത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 2024 ജനുവരി 31നകം പദ്ധതിയിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെങ്കിൽ കരാർ റദ്ദാക്കാൻ തീരുമാനിച്ചു.
ഇതിന്റെ തുടർച്ചയായി പദ്ധതിയിൽനിന്ന് കരാറുകാരെ നീക്കി. പ്രവൃത്തി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ശേഷിക്കുന്ന പ്രവൃത്തികളുടെ പരിശോധന പുരോഗമിക്കുകയാണ്. പദ്ധതി റീടെൻഡർ ചെയ്ത് പുതിയ കരാറുകാരന് കൈമാറുന്ന കാലയളവിൽ റോഡ് ഗതാഗത യോഗ്യമാക്കി നിലനിർത്തണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി 29 ലക്ഷം രൂപയുടെ മഴക്കാല പൂർവ പ്രവൃത്തികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി. പുതിയ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തി വേഗത്തിൽ നടത്താനുള്ള ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കൊടുങ്ങല്ലൂർ മുതൽ കൂർക്കഞ്ചേരി വരെയുള്ള 34.35 കി.മീ റോഡ് റോഡ് നവീകരിക്കുന്നതാണ് കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡിലെ പദ്ധതി. പ്രവൃത്തി ആരംഭിച്ചെങ്കിലും 13.55 കി.മീ ആണ് ഇതുവരെ നിർമിക്കാൻ കഴിഞ്ഞത്.
നിലവിൽ പാലക്കൽ സെന്ററിൽ 250 മീറ്റർ നീളത്തിൽ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. റോഡിലെ കുഴികൾ അടക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഈ രണ്ട് റോഡുകളുടെയും വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.