തൃശൂർ-കുറ്റിപ്പുറം കെ.എസ്.ടി.പി റോഡ് നിർമാണം: കലക്ടർക്ക് ജനപ്രതിനിധികളുടെ കത്ത്
text_fieldsമുണ്ടൂർ: തൃശൂർ-കുറ്റിപ്പുറം റോഡ് കെ.എസ്.ടി.പി പദ്ധതിയിലുൾപ്പെടുത്തി പുനർനിർമാണം നടത്തുന്നതിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള മേഖലയിൽ അളന്നിട്ട ഭൂമി ഏറ്റെടുത്ത് നാലുവരി പാതയാക്കി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് ജനപ്രതിനിധികളുടെ കത്ത്. കൈപ്പറമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളാണ് കലക്ടർക്ക് കത്ത് നൽകിയത്.
2012ൽ ആരംഭിച്ച പൂങ്കുന്നം-കൈപ്പറമ്പ് നാലുവരി പാത നിർമാണം മുണ്ടൂർ മുതൽ പുറ്റേക്കര വരെ പൊതുമരാമത്തിന്റെ കൈവശം ഭൂമിയില്ലാത്തതിനാൽ ഭൂമി ഏറ്റെടുക്കുന്ന സാങ്കേതികത്വത്തിൽ കുരുങ്ങിക്കിടക്കുകയായിരുന്നു.
2011-2016 കാലത്ത് ഏറ്റെടുക്കാനുള്ള ഭൂമി അളന്ന് അതിർത്തിക്കല്ലും സ്ഥാപിച്ചിരുന്നു. 1800 മീറ്ററിൽ 22 മീറ്റർ വീതി വർധിപ്പിക്കാനാണ് ഭൂമി ഏറ്റെടുക്കാനുണ്ടായിരുന്നത്. ഇതിനായി 50 ലക്ഷവും അനുവദിച്ചു. എന്നാൽ, ഭൂമി അളന്നിട്ടുവെങ്കിലും ഏറ്റെടുക്കാൻ റവന്യൂ വകുപ്പിൽ തുടർനടപടികളുണ്ടായില്ല. തൃശൂർ - കുറ്റിപ്പുറം പാതയിലെ അപകട മേഖലയാണ് മുണ്ടൂർ-പുറ്റേക്കര മേഖല. തൃശൂർ-കുറ്റിപ്പുറം റോഡ് നിർമാണം പുരോഗമിക്കെ, ഇതിനോടൊപ്പം മുണ്ടൂർ-പുറ്റേക്കര മേഖലയിലെ അളന്നിട്ട 1800 മീറ്ററിലെ ഭൂമി ഏറ്റെടുത്ത് റോഡ് വികസനം സാധ്യമാക്കണമെന്നാണ് ജനപ്രതിനിധികൾ കലക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ് കൈപ്പറമ്പ് മണ്ഡലം പ്രസിഡന്റ് എൻ.കെ. രാജു, പേരാമംഗലം മണ്ഡലം പ്രസിഡന്റ് എൻ.ആർ. വേണുഗോപാലൻ, മുൻ പ്രസിഡന്റ് വിപിൻ വടേരിയാട്ടിൽ, ജില്ല പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗം ലീല രാമകൃഷ്ണൻ, കൈപ്പറമ്പ് പഞ്ചായത്ത് അംഗങ്ങളായ കെ.ബി. ദീപക്, പ്രമീള സുബ്രഹ്മണ്യൻ, ബീന ബാബു രാജ്, സി.ഒ. ഔസേഫ്, ജോയ്സി ഷാജൻ, റിൻസി ജോയൽ, മേരി പോൾ പോൾസൺ എന്നിവരാണ് കത്തിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.