ആരെയും അറിയിക്കാതെ തൃശൂർ മേയറും കൂട്ടരും റഷ്യൻ യാത്രയിൽ
text_fieldsതൃശൂർ: അപ്രതീക്ഷിതമായി വന്നെത്തിയ മേയർ പദവിക്ക് പിന്നാലെ തുടങ്ങിയതാണ് തൃശൂർ മേയർ എം.കെ. വർഗീസ് സൃഷ്ടിക്കുന്ന വിവാദങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി പിന്തുണയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ഒരുവിധം കെട്ടടങ്ങിവരുന്നതിന് മുമ്പ് പുതിയ വിവാദത്തിൽ പെട്ടിരിക്കുകയാണ് അദ്ദേഹം. ഉത്തരവാദപ്പെട്ട ആരെയും അറിയിക്കാതെയുള്ള വിദേശയാത്രയാണ് നിലവിൽ വിവാദമായിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ മേയറെ തിരഞ്ഞുനടന്നവർ പരസ്പരം സംസാരിച്ചപ്പോഴാണ് മേയറും കൂട്ടരും റഷ്യൻ പര്യടനത്തിലാണെന്ന വിവരം അറിയുന്നത്. എന്നാൽ, ഭരണകക്ഷിയിലെ അംഗങ്ങളോ മറ്റ് കോർപറേഷൻ ഉദ്യോഗസ്ഥരോ എന്തിനേറെ ഡെപ്യൂട്ടി മേയർ എം.എൽ. റോസി പോലും യാത്രാവിവരങ്ങൾ അറിഞ്ഞിട്ടില്ല.
റഷ്യയിലെ ഒരു മേയറുടെ ക്ഷണപ്രകാരമാണ് മേയർ, സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി, കോർപറേഷൻ സെക്രട്ടറി എന്നിവർ യാത്ര തിരിച്ചിരിക്കുന്നത്. യാത്രയെ സംബന്ധിച്ച ഒരുവിവരങ്ങളും കൗൺസിലിൽ ചർച്ച ചെയ്യുകയോ മറ്റ് ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്തിട്ടില്ല. ഔദ്യോഗിക യാത്രയാണെങ്കിൽ വിവരം മറച്ചുവെക്കേണ്ട കാര്യം എന്താണെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. പത്ത് ദിവസത്തേക്കാണ് യാത്ര എന്നാണ് അറിയാൻ കഴിഞ്ഞത്. ഔദ്യോഗിക യാത്രക്ക് എന്തിനാണ് രഹസ്യ സ്വഭാവം എന്ന ചോദ്യം ഭരണകക്ഷി അംഗങ്ങളും ഉയർത്തുന്നുണ്ട്. പ്രധാനപ്പെട്ട അദാലത്തുകൾ അടക്കം നടക്കുന്ന സമയത്തെ മേയറുടെ വിദേശയാത്ര കോർപറേഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ ഇടയാക്കിയെന്നും ചിലർ ആരോപിക്കുന്നു. ഈ മാസം 29നാണ് സംഘം യാത്ര കഴിഞ്ഞ് മടങ്ങിയെത്തുക.
ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിക്ക് അനുകൂലമായി മേയർ സംസാരിച്ചത് സി.പി.ഐ വലിയ വിഷയമായി ഇടതുമുന്നണിയിൽ ഉയർത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി ജയിച്ചപ്പോഴും മുന്നണിയെ വകവെക്കാതെ സുരേഷ് ഗോപിക്ക് ശക്തമായ പിന്തുണ നൽകുമെന്നും മേയർ പ്രഖ്യാപിച്ചു. ഇതോടെ സി.പി.ഐ സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ അടക്കം മേയറുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടർന്ന് സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചെങ്കിലും നിലപാട് മാറ്റാനൊന്നും മേയർ തയാറായില്ല. മേയറെ പിണക്കിയാൽ കോർപറേഷൻ അധികാരം നഷ്ടമാകും എന്നതിനാൽ ഇടതുമുന്നണിയും വിഷയത്തിൽ കണ്ണടച്ച മട്ടാണ്.
സീറ്റ് നൽകാത്തതിന്റെ പേരിൽ കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ച എം.കെ. വർഗീസിനെ പിന്തുണച്ച് മേയർ സ്ഥാനം വാഗ്ദാനം നൽകിയതിലൂടെയാണ് ഇടതുപക്ഷത്തിന് തൃശൂർ കോർപറേഷന്റെ ഭരണം പിടിക്കാനായത്. മേയറായി സ്ഥാനമേറ്റതുമുതൽ ഇടതു നിലപാടുകൾക്ക് തീർത്തും കടകവിരുദ്ധമായ നിലപാടുകളാണ് എം.കെ. വർഗീസ് സ്വീകരിച്ചുപോരുന്നതെന്ന് ഇടതുനേതാക്കൾ തന്നെ പറയുന്നു. കോര്പറേഷന് പതിനാറാം ഡിവിഷന് നെട്ടിശ്ശേരിയില്നിന്ന് സ്വതന്ത്രനായി വിജയിച്ച എം.കെ. വര്ഗീസ് ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് സ്റ്റാർ ആകുകയായിരുന്നു. യു.ഡി.എഫിലെ എന്.എ. ഗോപകുമാറിനെക്കാൾ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വര്ഗീസ് എൽ.ഡി.എഫ് പിന്തുണയിൽ മേയര് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പൊലീസ് തന്നെ സല്യൂട്ട് ചെയ്യുന്നില്ല, സ്കൂൾ ഉദ്ഘാടനത്തിന്റെ ഫ്ലക്സ് ബോർഡിൽ തന്റെ ചിത്രം ചെറുതായി പോയി എന്നീ വിഷയങ്ങളിലും മേയർ നേരത്തേ വിവാദങ്ങളിൽ പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.